ജൂണ്‍ നാലിന് വോട്ടെണ്ണല്‍; സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

By: 600007 On: Jun 2, 2024, 4:09 PM

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.


കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാർഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനം. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫിസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിയില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല.