അതെന്താ രസ​ഗുള കഴിച്ചാല്? മധുരം കഴിക്കാത്ത വരന്റെ കവിളത്തടിച്ച് വധു

By: 600007 On: Jun 2, 2024, 4:00 PM

 

വിവാഹം ആഘോഷത്തിന്റെ ദിവസമാണ്. വധൂവരന്മാരെ സംബന്ധിച്ചിടത്തോളം എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന ഒരു ദിനം കൂടിയാണത്. വിവാഹച്ചടങ്ങുകൾ രസകരമാക്കാൻ വധൂവരന്മാർ ചേർന്ന് നൃത്തം ചെയ്യുന്നതും ​ഗെയിമുകളിൽ ഏർപ്പെടുന്നതുമൊക്കെ നാം ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിവാഹ വീഡിയോ തെല്ലൊന്നുമല്ല സോഷ്യൽ മീഡിയ യൂസർമാർക്കിടയിൽ ചർച്ചയായത്. കാരണം മറ്റൊന്നുമല്ല. താൻ നൽകിയ രസ​ഗുള കഴിക്കാൻ മടിച്ച വരനെ വധു മുഖത്ത് അടിയ്ക്കുന്നതാണ് വീഡിയോയിൽ. 

മാല ധരിച്ച് വധൂവരന്മാർ വേദിയിൽ സന്തോഷത്തോ‌ടെ നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. സമീപത്തായി  ബന്ധുക്കളെയും ഏതാനും കുട്ടികൾ അവർക്കിടയിലൂടെ ഓടിക്കളിക്കുന്നതും കാണാം. ഇതിനിടയിൽ ചടങ്ങിന്റെ ഭാ​ഗമായി വധു ഒരു രസ​ഗുള കൈകളിൽ എടുത്ത് വരന് കൊടുക്കാൻ ശ്രമിക്കുന്നു. എന്നാൽ, തമാശക്കാരനായ വരൻ വധുവിനെ ഒന്ന് രസിപ്പിക്കാം എന്ന് കരുതിയാകണം. അത് വാങ്ങുന്നതിന് പകരം തല അങ്ങോട്ടും ഇങ്ങോട്ടും നീക്കാൻ തുടങ്ങുന്നു. 


ആദ്യം അത് അത്ര കാര്യമാക്കാതിരുന്ന വധു മൂന്ന് പ്രാവശ്യം വരന് രസ​ഗുള കൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. അതോടെ കാര്യങ്ങൾ കൈവിട്ടുപോയി, നാലാം തവണയും തമാശ തുടർന്ന വരന്റെ കരണക്കുറ്റിയ്ക്ക് വധു അടിക്കുകയും അമ്പരന്നു നിന്ന വരന്റെ വായിൽ രസ​ഗുള ഇടുകയുമായിരുന്നു. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന ബന്ധുക്കളും അമ്പരക്കുന്നതും വധുവിനെ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അതോടെ വീഡിയോ അവസാനിച്ചതുകൊണ്ട് തന്നെ പിന്നീട് അവിടെ എന്താണ് നടന്നത് എന്ന കാര്യം വ്യക്തമല്ല.

ഇതുവരെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ 56 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോ കണ്ടവരിൽ ചിലർ കുറിച്ചത് കിട്ടേണ്ടത് കിട്ടിയപ്പോൾ തീരുമാനം ആയി എന്നായിരുന്നു. വധു ഒരു അധ്യാപികയാണെന്ന് തോന്നുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റൊരു കമന്റ് ഒരു പുരുഷൻ ഇത് ചെയ്തിരുന്നെങ്കിൽ ഫെമിനിസ്റ്റുകൾ തെരുവിൽ അലറിവിളിച്ചേനെ എന്നായിരുന്നു.