250 കോടി സ്വത്തിനായി പങ്കാളിയെ കൊന്നു, ജീവപര്യന്തം തടവ്, അങ്ങനെയൊരു സ്വത്തേ ഇല്ലെന്ന് അഭിഭാഷകൻ

By: 600007 On: Jun 2, 2024, 2:18 PM

 

കാമുകന് 250 കോടി പാരമ്പര്യസ്വത്ത് കൈ വന്നത് സ്വന്തമാക്കാൻ അയാളെ കൊന്ന സ്ത്രീയാണ് നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള ഇന തിയ കെനോയർ. ആന്റിഫ്രീസ് നൽകിയാണ് ഇവർ ദീർഘകാലമായി ഒരുമിച്ച് കഴിയുകയായിരുന്ന കാമുകനെ കൊലപ്പെടുത്തിയത്. കാമുകന് പാരമ്പര്യമായി 250 കോടിയിലധികം രൂപ കൈവരുന്നു എന്നറി‍ഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിയ കാമുകനെ കൊലപ്പെടുത്തിയത്. കാമുകൻ തന്നെ ഒഴിവാക്കിയേക്കും എന്ന ഭയത്തെ തുടർന്നായിരുന്നത്രെ കൊലപാതകം. 

തിയയുടെ പങ്കാളി 51 -കാരനായ സ്റ്റീവൻ റിലേ അഭിഭാഷകനുമായി സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്താണ് ഇയാളുടെ ആരോ​ഗ്യനില മോശമായത്. പിറ്റേന്ന് കാമുകിയായ ഇന തിയ കെനോയർ എമർജൻസി സർവീസ് നമ്പറായ 911 -ലേക്ക് വിളിച്ചു. ഉടൻ തന്നെ ആരോ​ഗ്യപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും റിലേ പ്രതികരിക്കാത്ത അവസ്ഥയിൽ എത്തിയിരുന്നു. 


പെട്ടെന്ന് തന്നെ ആളെ ആശുപത്രിയിലെത്തിച്ചെങ്കിലും തുടർന്നുള്ള ദിവസം മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ, നടന്ന അന്വേഷണത്തിലാണ് തിയയാണ് കൊലപാതകം നടത്തിയത് എന്ന് മനസിലാവുന്നത്. നോർത്ത് ഡക്കോട്ടയിലെ ഏറ്റവും ഗുരുതരമായ കൊലപാതക കുറ്റമാണ് ഇവർക്ക് മേൽ ചാർത്തിയിരിക്കുന്നത്. 

ഔദ്യോ​ഗികമായി ഭാര്യാ ഭർത്താക്കന്മാരല്ലെങ്കിലും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് ഇവർ കഴിയുന്നത് (common-law wife). അതുകൊണ്ട് റിലേയ്‍ക്ക് പാരമ്പര്യമായി കൈവന്നിരിക്കുന്ന സ്വത്തിൽ തനിക്കും റിലേയുടെ മകനും ഒരുപോലെയായിരിക്കും അവകാശം എന്നാണ് തിയ കരുതിയിരുന്നത്. എന്നാൽ, തന്നെ ഒഴിവാക്കാനാണ് റിലേയുടെ പദ്ധതി എന്ന് സംശയം തോന്നിയപ്പോഴാണ് തിയ അയാളെ കൊല്ലാൻ തീരുമാനിച്ചത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. 

കൊലപാതകം നടന്നത് സപ്തംബറിലാണെങ്കിലും ഒക്ടോബർ 30 -നാണ് തിയ അറസ്റ്റ് ചെയ്യപ്പെടുന്നത്. എന്നാൽ, കൊലപാതകമെല്ലാം കഴിഞ്ഞ ശേഷമാണ് ആ വിവരം പുറത്ത് വന്നത്, 250 കോടി പാരമ്പര്യസ്വത്ത് എന്നത് ഒരു കള്ളമായിരുന്നു. അങ്ങനെ ഒരു സ്വത്ത് റിലേയ്ക്കില്ല. റിലേയുമായി ചർച്ച നടത്തിയ അഭിഭാഷകൻ പറയുന്നത് ഇയാൾക്ക് അങ്ങനെയൊരു പാരമ്പര്യ സ്വത്തേ ഇല്ല എന്നാണ്. എന്തായാലും, പരോളില്ലാതെ ജീവപര്യന്തം തടവാണ് തിയയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.