ക്യുബെക്കിലെ സ്‌കൂളുകളില്‍ ഇനി അഞ്ച് ദിവസത്തില്‍ താഴെ അവധിയെടുക്കുന്നതിന് ഡോക്ടേഴ്‌സ് നോട്ട് വേണ്ട 

By: 600002 On: Jun 1, 2024, 6:19 PM

 

 

ക്യുബെക്കിലെ എലിമെന്ററി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ അവധിയെടുക്കുന്നതിന് ഡോക്ടേഴ്‌സ് നോട്ട് ഹാജരാക്കേണ്ടതില്ലെന്ന് ക്യുബെക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഡോക്ടര്‍മാര്‍ക്കുള്ള പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കുള്ള നോട്ട് തയാറാക്കാന്‍ ഡോക്ടര്‍മാര്‍ അധികമായി സമയം ചെലവഴിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. 

അഞ്ച് ദിവസത്തില്‍ താഴെയുള്ള അവധിക്ക് വിദ്യാര്‍ത്ഥികളോട് ഡോക്ടേഴ്‌സ് നോട്ട് ആവശ്യപ്പെടുന്നത് നിര്‍ത്തണമെന്ന് ക്യുബെക്ക് പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അതുപോലെ ഇന്‍-ഹൗസ് പരീക്ഷകള്‍ക്കും ഡോക്ടേഴ്‌സ് നോട്ട് വേണ്ട. എന്നാല്‍ 10,11 ഗ്രേഡ് മിനിസ്ട്രി എക്‌സാമുകള്‍ എഴുതാന്‍ കഴിയാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. ദീര്‍ഘകാലം ലീവ് എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്ടേഴ്‌സ് നോട്ട് സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് അവരുടേതായ നയങ്ങള്‍ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.