അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ച തീയതിക്ക് ഒരാഴ്ച ശേഷം മാറ്റിവെക്കുന്നത് സംബന്ധിച്ച ലിബറല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷം. അടുത്ത നിശ്ചിത തെരഞ്ഞെടുപ്പ് തീയതി 2025 ഒക്ടോബര്‍ 20 ല്‍ നിന്നും ഒക്ടോബര്‍ 27 ലേക്ക് മാറ്റുന്ന ഇലക്ട്രറല്‍ പാര്‍ട്ടിസിപ്പേഷന്‍ ആക്ട്, ബില്‍ സി-65 യ്‌ക്കെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്. തുടര്‍ച്ചയായ അവധി ദിവസങ്ങള്‍, പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് തീയതി ഒരാഴ്ച നീട്ടിയത്.
വോട്ടെടുപ്പ് ദിവസം ഒരു ദിവസം പോലും നീട്ടി വെക്കുന്നത്, 2019 ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട 80 എംപിമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്നതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്നു. 2025 ഒക്ടോബര്‍ 21 ന് മുമ്പ് ആറ് വര്‍ഷത്തെ സര്‍വീസ് മാര്‍ക്ക് നേടുന്നതിന് മുമ്പ് സീറ്റ് നഷ്ടമായാല്‍ യോഗ്യത നേടാനാവില്ലെന്നാണ് സൂചന.
ലിബറലുകള്‍ ന്യൂനപക്ഷമായതിനാല്‍ നിയമനിര്‍മാണം പാസാക്കാന്‍ അവര്‍ക്ക് മറ്റൊരു പാര്‍ട്ടിയുടെ പിന്തുണ ആവശ്യമാണ്. മാര്‍ച്ചില്‍ അവതരിപ്പിച്ച ബില്ലില്‍, കനേഡിയന്‍ പൗരന്മാര്‍ക്ക് വോട്ടുചെയ്യുന്നത് എളുപ്പമാക്കുന്നതിനും തെരഞ്ഞെടുപ്പില്‍ മറ്റ് അനാവശ്യ ഇടപെടലുകളും മറ്റ് മോശം ആളുകളുടെ ഇടപെടലുകളും തടയാനും ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് നിയമ പരിഷ്‌കാരങ്ങള്‍ക്കുള്ള ശുപാര്‍ശകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.