ഓങ്കോളജിസ്റ്റുകളുടെ കുറവ്: ആല്‍ബെര്‍ട്ടയില്‍ കാന്‍സര്‍ പരിചരണത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് എഎംഎ 

By: 600002 On: Jun 1, 2024, 12:42 PM

 


ഓങ്കോളജിസ്റ്റുകളുടെ കുറവ് നേരിടുന്ന ആല്‍ബെര്‍ട്ടയില്‍ കാന്‍സര്‍ പരിചരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആശങ്ക രേഖപ്പെടുത്തി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍(എഎംഎ). അര്‍ബുദ രോഗികള്‍ രോഗനിര്‍ണയത്തിനും ഓങ്കോളജിസ്റ്റുകളുടെ കണ്‍സള്‍ട്ടേഷനായി മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്നും അസോസിയേഷന്‍ പറയുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രോഗം മൂര്‍ച്ഛിക്കുന്ന സാഹചര്യമാണുള്ളതെന്നും അസോസിയേഷന്‍ ആശങ്കപ്പെടുന്നു. 

2023 ല്‍ ബീസി കാന്‍സര്‍ കെയര്‍ ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കൂടുതല്‍ കാന്‍സര്‍ കെയര്‍ ടീമുകളെ നിയമിക്കുന്നതിനും ശമ്പള നിരക്ക് വര്‍ധിപ്പിക്കുന്നതിനുമായി 440 മില്യണ്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 64 ഓങ്കോളജിസ്റ്റുകളെയാണ് പ്രവിശ്യയില്‍ നിയമിച്ചതെന്ന് ഓങ്കോളജിസ്റ്റ് ഡോ. ഡെബെന്‍ഹാം പറയുന്നു. അര്‍ബുദ പരിചരണത്തില്‍ തങ്ങള്‍ക്ക് യഥാര്‍ത്ഥ നിക്ഷേപം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, ആല്‍ബെര്‍ട്ടയിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും വര്‍ധിക്കുന്ന കാന്‍സര്‍ നിരക്കും നേരിടാന്‍ പ്രവിശ്യയില്‍ ഏകദേശം 50 പുതിയ ഓങ്കോളജിസ്റ്റുകളെ ആവശ്യമാണെന്ന് എഎംഎ പ്രസിഡന്റ് ഡോ. പോള്‍ പാര്‍ക്ക്‌സ് പറഞ്ഞു. 2024-25 വര്‍ഷത്തേക്ക് ആല്‍ബെര്‍ട്ട 17.2 ഫുള്‍ ടൈം കാന്‍സര്‍ കെയര്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു. എന്നാല്‍ ഇവരില്‍ പകുതിയിലധികം ഡോക്ടര്‍മാരും വിരമിക്കുന്ന അല്ലെങ്കില്‍ സ്ഥലം മാറിപ്പോകുന്ന ഓങ്കോളജിസ്റ്റുകള്‍ക്ക് പകരക്കാരാണെന്ന് പാര്‍ക്ക്‌സ് പ്രതികരിച്ചു.