ഇടിമിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ കാനഡയില്‍ വര്‍ധിക്കുന്നു; പകുതി പ്രദേശങ്ങളും കത്തിനശിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ 

By: 600002 On: Jun 1, 2024, 12:04 PM

 

ഇടിമിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ കാനഡയിലെ വനങ്ങളില്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷകര്‍. മിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ കൂടുതല്‍ സാധാരണമാവുകയും കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് വലിയ തോതില്‍ കാട്ടുതീ വ്യാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ആശങ്കപ്പെടുന്നതായി വിദഗ്ധര്‍ പറയുന്നു. പല പ്രദേശങ്ങളിലും പുതിയതായി ഉണ്ടാകുന്ന തീപിടുത്തങ്ങളുടെ മുഖ്യ കാരണം മിന്നലാണെന്ന് കാംലൂപ്‌സിലെ തോംസണ്‍ റിവേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ വൈല്‍ഡ്ഫയര്‍ സയന്റിസ്റ്റായ മൈക്ക് ഫ്‌ളാനിഗന്‍ പറഞ്ഞു. കാനഡയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയുടെ പകുതിയും മിന്നല്‍ മൂലമാണെന്നും ബാക്കി പകുതി മനുഷ്യ നിര്‍മിതമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, കാനഡയില്‍ മനുഷ്യ നിര്‍മിത തീപിടുത്തങ്ങള്‍ കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്. 

ഇടിമിന്നല്‍ മൂലമുണ്ടാകുന്ന തീപിടുത്തത്തിന്റെ ഫലമായി വളരെ വലിയ പ്രദേശം കത്തിനശിക്കുന്നു. സാധാരണയായി സീസണില്‍ മൊത്തം 90 ശതമാനം തീപിടുത്തം ഇടിമിന്നല്‍ മൂലമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ തീപിടുത്തങ്ങളെല്ലാം കൂടുതല്‍ തീവ്രമാവുകയും കടുത്ത വരള്‍ച്ചയുള്ള സാഹചര്യത്തില്‍ കാട്ടുതീ കൂടുതല്‍ വിദൂര പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. 

കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് ബ്രേക്കിംഗ് സീസണില്‍ കാനഡയിലെ കാട്ടുതീയില്‍ 59 ശതമാനവും മിന്നലാക്രമണത്തിന്റെ ഫലമായിരുന്നു. പ്രദേശത്തിന്റെ 93 ശതമാനത്തിലധികവും കത്തിനശിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍.