പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു 

By: 600002 On: Jun 1, 2024, 11:16 AM


 

 

പ്രവിശ്യാ ഇമിഗ്രേഷന്‍ നിയമങ്ങളിലെ പുതിയ മാറ്റങ്ങള്‍ കാരണം നാടുകടത്തല്‍ ഭീഷണി നേരിടുന്ന പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ വിദേശ തൊഴിലാളികളും വിദ്യാര്‍ത്ഥികളും നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. പ്രവിശ്യയ്‌ക്കെതിരെ പ്രതിഷേധിച്ച സമരക്കാര്‍ ഉന്നത ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് അറിയിച്ചത്. പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ ഓഫീസ് ഡയറക്ടര്‍ ജെഫ് യങ്ങുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയതായി പ്രതിഷേധ പരിപാടി സംഘാടകരിലൊരാളായ രൂപീന്ദര്‍ പാല്‍ സിംഗ് പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോള്‍ നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിംഗ് പറഞ്ഞു. 

സര്‍ക്കാരിന് ആവശ്യമായ എല്ലാ വിവരങ്ങളും തങ്ങള്‍ നല്‍കിയിട്ടുണ്ട്. തങ്ങള്‍ സര്‍ക്കാരിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്നും സിംഗ് വ്യക്തമാക്കി. സര്‍ക്കാര്‍ തങ്ങളുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും സമരം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിനാല്‍ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. 

തൊഴില്‍ വിസയുടെ കാലാവധി അവസാനിക്കുന്നതോടെ തങ്ങളെ നാടുകടത്തരുതെന്ന് പ്രതിഷേധക്കാര്‍ പ്രവിശ്യാ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം(പിഎന്‍പി) വഴി കാനഡയില്‍ സ്ഥിരതാമസത്തിനായി നോമിനേറ്റ് ചെയ്യുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്നസര്‍ക്കാര്‍ തീരുമാനം പുന: പരിശോധിക്കണമെന്ന് രൂപീന്ദര്‍ പാല്‍ സിംഗ് പറയുന്നു. കാനഡയില്‍ തുടരാന്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 9 ന് ആരംഭിച്ച പ്രതിഷേധത്തില്‍ മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.