ആല്‍ബെര്‍ട്ടയില്‍ കൗമാരക്കാര്‍ക്കിടയില്‍ വേപ്പിംഗ് വര്‍ധിക്കുന്നു

By: 600002 On: Jun 1, 2024, 9:48 AM

 


ആല്‍ബെര്‍ട്ടയില്‍ സിഗരറ്റ് ഉപയോഗത്തിനൊപ്പം വേപ്പിംഗ് ഗണ്യമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മെയ് 31 വെള്ളിയാഴ്ച ലോക പുകയില വിരുദ്ധ ദിനത്തില്‍ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബോധവത്കരണ ക്യാമ്പയിനുകള്‍ നടക്കുമ്പോഴാണ് ആല്‍ബെര്‍ട്ടയില്‍ പുകവലി വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സിഗരറ്റ് ഉപയോഗത്തില്‍ നേരിയ ഇടിവുണ്ടായെങ്കിലും റീട്ടെയ്‌ലര്‍മാര്‍ പ്രതിവര്‍ഷം ബില്യണ്‍ കണക്കിന് വില വരുന്ന സിഗരറ്റുകളാണ് വില്‍ക്കുന്നത്. 

പ്രവിശ്യയില്‍ 69 ശതമാനം പേര്‍ പുകവലിക്കാത്തവരാണ്. ഇത് വലിയൊരു നേട്ടമാണ്. എന്നാല്‍ വേപ്പിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കാണുന്നതെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. ബ്രെറ്റ് ഫ്രൈസണ്‍ പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി കൗമാരക്കാരുടെ ഇടയില്‍ വേപ്പിംഗ് 50 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഇതെന്നും യുവജനതയെ ഇത് പ്രതികൂലമായി ബാധിക്കാറുണ്ടെന്നും ഫ്രൈസന്‍ പറയുന്നു. 

വശീകരിക്കുന്ന സുഗന്ധങ്ങളോടുകൂടിയ വേപ്പിംഗ് ആല്‍ബെര്‍ട്ടയിലെ കൗമാരക്കാര്‍ക്കിടയില്‍ ശ്വാസകോശ രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുന്ന ആദ്യ പടിയാണെന്നും ഫ്രൈസണ്‍ കൂട്ടിച്ചേര്‍ത്തു.