ഫാഷന്റെ ലോകം വളരെ വലുതാണ്. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒന്ന്. എന്നാൽ, അത് ഒരു എട്ട് വയസ്സുകാരന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുക. മോഡലുകൾക്ക് വേണ്ടി അവൻ വസ്ത്രങ്ങൾ തയ്യാറാക്കുക അത് വിശ്വസിക്കാൻ അല്പം പ്രയാസം തന്നെയാണ് അല്ലേ? എന്നാൽ, വിശ്വസിച്ചേ തീരൂ, അതാണ് യുഎസ്സിൽ നിന്നുള്ള മാക്സ് അലക്സാണ്ടർ എന്ന എട്ടുവയസ്സുകാരന്റെ ജീവിതം.
ലോസ് ഏഞ്ചലസിൽ നിന്നുള്ള മാക്സ് ലോകശ്രദ്ധയാകർഷിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ് (@couture.to.the.max). അവന് 2.8 മില്ല്യൺ ഫോളോവർമാരാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഓൺലൈനിൽ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്നാണ് അവൻ അറിയപ്പെടുന്നത്. നാലാമത്തെ വയസ്സിൽ തുന്നിക്കൊണ്ടാണ് അവൻ ഫാഷൻ രംഗത്തേക്ക് കടന്നുവന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അധികം താമസിച്ചില്ല, അവൻ നേരെ ചെന്നെത്തിയത് ഡിസൈനിംഗിലേക്കത്രെ. ലോകമെമ്പാടും മോഡലുകളും സെലിബ്രിറ്റികളും അടക്കം അവന്റെ ഡിസൈനിംഗ് കണ്ട് അമ്പരക്കുന്നു. പല സെലിബ്രിറ്റികൾക്കും മോഡലുകൾക്കും വേണ്ടി അവൻ വസ്ത്രം ഡിസൈൻ ചെയ്യുന്നു.
മാക്സിന്റെ അമ്മ തന്റെ മകന്റെ ഡിസൈനറിലേക്കുള്ള യാത്ര എങ്ങനെയാണ് എന്ന് വിവരിക്കുന്നുണ്ട്. അന്ന് അവന് നാല് വയസ്സായിരുന്നു പ്രായം. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാക്സ് ഒരു പ്രഖ്യാപനം നടത്തി. തനിക്ക് ഒരു ഡിസൈനറാവാനാണ് ആഗ്രഹം. അതിനായി അവനൊരു മാനിക്വീൻ വേണം. അങ്ങനെ അമ്മ കാർഡ്ബോർഡ് കൊണ്ട് അവന്റെ ആദ്യത്തെ മാനിക്വീൻ ഉണ്ടാക്കി നൽകി.
എന്നാൽ, അവൻ ആദ്യം ഡിസൈൻ ചെയ്ത വസ്ത്രം കണ്ടപ്പോൾ തന്നെ എല്ലാവരും അമ്പരന്നു പോയി. അവിടെ നിന്നുമാണ് അവന്റെ ഡിസൈനറായിട്ടുള്ള യാത്ര ആരംഭിക്കുന്നത്. എട്ടാമത്തെ വയസ്സിൽ ലോകമെമ്പാടും ആരാധകരുള്ള ഒരു കഴിവുറ്റ ഡിസൈനറായി മാറിയിരിക്കുന്നു മാക്സ് അലക്സാണ്ടർ.