കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച കേസ്: പ്രതി ബ്രിജേഷ് മിശ്ര കുറ്റം സമ്മതിച്ചു 

By: 600002 On: May 31, 2024, 12:52 PM

 

 

കനേഡിയന്‍ കോളേജുകളില്‍ നിന്നുള്ള വ്യാജ ഓഫര്‍ ലെറ്ററുകള്‍ നല്‍കി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച കേസിലെ മുഖ്യപ്രതി സറേയില്‍ താമസിക്കുന്ന ബ്രിജേഷ് മിശ്ര കുറ്റം സമ്മതിച്ചു. ഇയാളെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ മിശ്രയ്ക്ക് പരോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും തുടര്‍ന്ന് നാടുകടത്തല്‍ നേരിടേണ്ടി വരുമെന്നും മിശ്രയുടെ അഭിഭാഷകന്‍ പറഞ്ഞു. 
കാനഡയിലെ കോളേജുകളില്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ച മിശ്രയെ 2023 ജൂണ്‍ 23 നാണ് കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അറസ്റ്റ് ചെയ്തത്.  

മിശ്ര നേരിടുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കാനഡയില്‍ നിയമപരമായ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചതായി അഭിഭാഷകന്‍ ഗഗന്‍ നഹാല്‍ പറഞ്ഞു. ഏഴോളം കുറ്റങ്ങളാണ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതില്‍ ആറെണ്ണം ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ്. ഇത് കനേഡിയന്‍ ക്രിമിനല്‍ കോഡിന് തുല്യമാണ്. 

കാനഡയില്‍ പഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും 2017 നും 2019 നും ഇടയിലാണ് കാനഡയിലെത്തിയത്. 2021 ല്‍ സിബിഎസ് എ വിദ്യാര്‍ത്ഥികളെ അറിയിക്കുകയും പിന്നീട് സ്ഥിരതാമസത്തിനുള്ള അവരുടെ അപേക്ഷകളില്‍ കനേഡിയന്‍ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിച്ച ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ബ്രിജേഷ് മിശ്ര ഉള്‍പ്പെടെയുള്ള പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള ഏജന്റുമാരായിരുന്നു വ്യാജ രേഖകള്‍ നല്‍കിയത്. ഇതോടെ 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം പ്രതിസന്ധിയിലായി. കാനഡയില്‍ നിന്നും നാടുകടത്തല്‍ നേരിടുന്നതു വരെ കാര്യങ്ങളെത്തി.