കാനഡയില്‍ നിന്നും യുഎസിലേക്ക് കുടിയേറുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു; പത്ത് വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന 

By: 600002 On: May 31, 2024, 12:15 PM

 

കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്. ജോലി, കാലാവസ്ഥ തുടങ്ങിയവയാണ് കുടിയേറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കുടിയേറ്റം സംഭവിക്കുന്നതെന്ന് യുഎസ് സെന്‍സസ് ബ്യൂറോയുടെ അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ(ACS)  റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന ആളുകളുടെ എണ്ണം 126,340 ആയി ഉയര്‍ന്നുവെന്ന് എസിഎസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2012 ല്‍ കുടിയേറ്റം നടത്തിയ 75,752 പേരെ അപേക്ഷിച്ച 70 ശതമാനം വര്‍ധനവാണിത്. 

യുണൈറ്റഡ് നേഷന്‍സിന്റെ 2020 ലെ കണക്കനുസരിച്ച് ഏകദേശം 800,000 കനേഡിയന്‍ പൗരന്മാര്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. യുകെയില്‍ താമസിക്കുന്ന 100,000 ത്തിന്റെ എട്ട് മടങ്ങ് കൂടുതലാണിതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 

കൂടുതല്‍ അഫോര്‍ഡബിളായ ജീവിതത്തിനുള്ള ആഗ്രഹമാണ് വര്‍ധിച്ച കുടിയേറ്റത്തിലേക്ക് ഭാഗികമായി നയിക്കുന്നതെന്ന് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.