ടൊറന്റോയിലെ ജൂത സ്‌കൂളിന് നേരെ വാരാന്ത്യത്തിലുണ്ടായ വെടിവെപ്പിന് പിന്നില്‍ കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. പ്രതികളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഡഗ് ഫോര്‍ഡിന്റെ വെളിപ്പെടുത്തല്‍. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഡഫറിന്‍ സ്ട്രീറ്റിലെ ഫിഞ്ച് അവന്യു വെസ്റ്റിലുള്ള ബൈസ് ഛായ മുഷ്‌ക സ്‌കൂള്‍ ഫോര്‍ ഗേള്‍സിലാണ് വെടിവെപ്പ് നടന്നത്.
ജനങ്ങളെ ഭീതിയിലാക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രവിശ്യ ശക്തമായി പോരാടുമെന്ന് ഡഗ് ഫോര്‍ഡ് പറഞ്ഞു. ജൂത കമ്മ്യൂണിറ്റികള്‍ക്കെതിരെയും യഹൂദ വിരുദ്ധതയ്‌ക്കെതിരെയും തുടരുന്ന ആക്രമണങ്ങള്‍ അസ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഫോര്‍ഡിന്റെ പരാമര്‍ശത്തെ അപലപിക്കുകയും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഫോര്‍ഡിന്റെ പരാമര്‍ശങ്ങള്‍ വംശീയത നിറഞ്ഞതാണെന്ന് എന്‍ഡിപി നേതാവ് മാരിറ്റ് സ്റ്റൈല്‍സ് പറഞ്ഞു.