ടൊറന്റോയിലെ കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദന ഫാക്ടറി 2027 വരെ തുറക്കില്ല; പുതിയ വാക്‌സിന്‍ ഫാക്ടറി പ്രഖ്യാപിച്ച് ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: May 31, 2024, 9:38 AM

 

കോവിഡ് പാന്‍ഡെമിക് സമയത്ത് ഫ്‌ളൂ ഷോട്ടുകള്‍ നിര്‍മിക്കാനും അടുത്ത മഹാമാരിക്ക് തയാറെടുക്കുന്നതിനുമായി ഫെഡറല്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കി നിര്‍മിച്ച വാക്‌സിന്‍ ഫാക്ടറിയില്‍ 2027 വരെ ഷോട്ടുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ടൊറന്റോയില്‍ കാനഡയിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദന പ്ലാന്റ് നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാര്‍ത്ത പുറത്തുവരുന്നത്. വില്ലന്‍ ചുമ, ഡിഫ്തീരിയ, ടെറ്റനസ് എന്നിവയ്ക്കുള്ള പീഡിയാട്രിക്, അഡല്‍റ്റ് വാക്‌സിനുകളുടെ കാനഡയിലെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് നിര്‍മിക്കുന്നത്. 

ആഗോള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സനോഫിയാണ് ടൊറന്റോയില്‍ പ്ലാന്റ് നിര്‍മിക്കുന്നത്. ഫാക്ടറി നിര്‍മിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ 415 മില്യണ്‍ ഡോളറും ഒന്റാരിയോ സര്‍ക്കാര്‍ 55 മില്യണ്‍ ഡോളറും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2027 ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2020 മെയ് മാസത്തിനും 2022 ഏപ്രിലിനും ഇടയില്‍ വാക്‌സിനുകളും ആന്റിബോഡികളും നിര്‍മിക്കുന്നതിനായി 12 ബയോ മാനുഫാക്ച്വറിംഗ് പ്ലാന്റുകള്‍ക്കായി 1.3 ബില്യണ്‍ ഡോളറിലധികം കാനഡ അനുവദിച്ചതായി ട്രൂഡോ അറിയിച്ചിരുന്നു.