ലണ്ടൻ: സൈബർ കുറ്റകൃത്യങ്ങളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൂത്രധാരനായി പ്രവർത്തിച്ചിരുന്ന ബോട്ട് നെറ്റ് നിർമ്മിച്ച് പ്രവർത്തിപ്പിച്ചിരുന്നതിന് പിടിയിലായ ചൈനീസ് സ്വദേശിയിൽ നിന്ന് പിടികൂടിയത് കോടികൾ വില വരുന്ന ആഡംബര വാഹനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വാങ്ങിക്കൂട്ടിയ 21 വസ്തു വകകളും. അമേരിക്കൻ നീതി വകുപ്പും എഫ്ബിഐയും മറ്റ് അന്താരാഷ്ട്ര ഏജൻസികളുടേയും പങ്കാളിത്തത്തോടെ നടന്ന ഓപ്പറേഷനാണ് സൈബർ കുറ്റകൃത്യങ്ങളുടെ വൻ ശൃംഖല തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് യൂറോപ്യൻ കുറ്റാന്വേഷണ സംഘടനയായ യൂറോപോൾ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എട്ട് പേർ ഒളിവിൽ പോയതായാണ് യൂറോപോൾ വിശദമാക്കുന്നത്.
ചൈനീസ് പൌരനായ യുൻഹി വാംഗ് എന്നയാളെയാണ് അമേരിക്കൻ പൊലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കംപ്യൂട്ടറുകളിലെ സ്വകാര്യ വിവരങ്ങൾ അടക്കമുള്ളവ സൈബർ ക്രിമിനലുകൾക്ക് വിൽപന നടത്തുക വഴി അളവില്ലാത്ത സ്വത്താണ് ഇയാൾ സമ്പാദിച്ചതെന്നാണ് പുറത്ത് വരുന്നത്. 60 ദശലക്ഷം യുഎസ് ഡോളർ വിലയുള്ള ആഡംബര വസ്തുക്കളാണ് ഇയാളിൽ നിന്ന് കണ്ടുകെട്ടിയിട്ടുള്ളത്. ഫെറാരി, റോൾസ് റോയ്സ്, രണ്ട് ബിഎംഡബ്ല്യു, നിരവധി ക്രിപ്റ്റോ കറൻസ് വാലറ്റുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തതായാണ് യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കുന്നത്.
മൈക്രോ സോഫ്റ്റ് അടക്കമുള്ള ടെക് ഭീമൻമാരുട സഹായത്തോടെയാണ് സൈബർ തട്ടിപ്പ് വീരനെ പിടികൂടിയത്. ഓപ്പറേഷൻ എൻഡ് ഗെയിം എന്ന പേരിലാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ പൊലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ നടന്ന ബോട്ട്നെറ്റ് തകർക്കലിന് നൽകിയിരിക്കുന്നത്. ഇതി ഇനിയും തുടരുമെന്നാണ് യൂറോപോൾ വിശദമാക്കിയിട്ടുള്ളത്.