കാനഡയില്‍ വീട് വാങ്ങാന്‍ കഴിയാത്തതിനാല്‍ ചില കനേഡിയന്‍ പൗരന്മാര്‍ നിക്കരാഗ്വയിലേക്ക് താമസിക്കാനായി പലായനം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിയേവ്. ചൊവ്വാഴ്ച യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പോയ്‌ലിയേവ് ആരോപണം ഉന്നയിക്കുന്നത്. വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. കാനഡയില്‍ വീട് വാങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2022 ല്‍ നാടുവിട്ട് നിക്കരാഗ്വയില്‍ താമസിക്കുന്നുവെന്ന് പറയുന്ന സ്ത്രീയെ പരിചയപ്പെടുത്തിയാണ് പൊയ്‌ലിയേവ് ആരോപണം ആവര്‍ത്തിക്കുന്നത്.
നിക്കരാഗ്വ പോലുള്ള രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് ആളുകള്‍ പലായനം ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ യഥാര്‍ത്ഥത്തില്‍ കാനഡയില്‍ നിന്നും നിക്കരാഗ്വയിലേക്ക് താമസിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പലായനം ചെയ്യുകയാണ്. ജനങ്ങള്‍ക്ക് ജസ്റ്റിന്‍ ട്രൂഡോയുടെ ഒമ്പത് വര്‍ഷം താങ്ങാന്‍ കഴിയുന്നില്ലെന്ന് പൊയ്‌ലിയേവ് കുറ്റപ്പെടുത്തി.
അതേസമയം, പൊയ്‌ലിയേവിന്റെ ആരോപണങ്ങള്‍ക്കെതിരെ ലിബറലുകള്‍ രംഗത്തെത്തി. ആരോപണം തള്ളിക്കളയുന്നതായും അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഇല്ലെന്നും ലിബറലുകള്‍ പറഞ്ഞു. നിക്കരാഗ്വയെക്കുറിച്ച് ഒരു സൂചനയും പൊയ്‌ലിയേവിനില്ലെന്നും നിക്കരാഗ്വയില്‍ പോകാത്തതിനാലാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗസ് പറഞ്ഞു. രാഷ്ട്രീയ സാഹചര്യം, ആഭ്യന്തര കലാപം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തി നിക്കരാഗ്വയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് കാനഡ ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇതൊന്നും അറിയാതെയാണ് പെയ്‌ലിയേവ് പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഫെഡറല്‍ മന്ത്രിമാര്‍ പ്രതികരിച്ചു.