പൊക്കിള്‍ക്കൊടി രക്തം ദാനം ചെയ്യുന്നതിലൂടെ ജീവന്‍ രക്ഷിക്കാം

By: 600002 On: May 30, 2024, 11:24 AM

 

 

തങ്ങളുടെ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി രക്തം ദാനം ചെയ്യണമോ വേണ്ടയോ എന്നത് അമ്മമാരുടെ തീരുമാനമാണ്. ഈ വിഷയത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്നത് വളരെ വലിയൊരു പ്രതിസന്ധിയുമാണ്. ഒരു വ്യക്തിയുടെ ജീവന്‍ തന്നെ രക്ഷിക്കാന്‍ കഴിയുന്ന തീരുമാനമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഹേമ-ക്യുബെക്ക് ഡോണര്‍ ആന്‍ഡ് കോര്‍ഡ് ബ്ലഡ് രജിസ്ട്രി മാനേജര്‍ സൂസി ജോറോണ്‍ പറയുന്നത് നിലവില്‍ 25 ശതമാനം അമ്മമാരും തങ്ങളുടെ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി രക്തം ദാനം ചെയ്യാന്‍ മുന്നോട്ടുവരുന്നുണ്ടെന്നാണ്. 80 ല്‍ അധികം രക്താര്‍ബുദങ്ങളും രോഗങ്ങളുമുള്ളവര്‍ക്ക് രോഗശമനത്തിന് പൊക്കിള്‍ക്കൊടി രക്തം സഹായിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

രക്തം ദാനം ചെയ്യുന്നതിനുള്ള നടപടിക്രമം ലളിതമാണ്. ഗര്‍ഭിണികള്‍ക്ക് തുടക്കം മുതല്‍ ഇത് സംബന്ധിച്ച അവബോധം നല്‍കുകയും രക്തം ദാനം ചെയ്യാനുള്ള താല്‍പ്പര്യത്തിനായി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് മക്ഗില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്റര്‍ ഗൈനക്കോളജി വിഭാഗം ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് ബ്രൗണ്‍ പറയുന്നു. 

ദാനം ചെയ്യാന്‍ ആദ്യം ഹേമ-ക്യുബെക്ക് വെബ്‌സൈറ്റില്‍ സൈന്‍അപ്പ് ചെയ്യണം. ദാനം ചെയ്യുന്നവര്‍ 18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള ആരോഗ്യവതികളായിരിക്കണം. ഇരട്ടകളൊന്നുമല്ലാതെ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചവരായിരിക്കണം. ഗര്‍ഭാവസ്ഥയുടെ 36 ആം ആഴ്ചയ്ക്ക് മുമ്പ് സമ്മതപത്രം വായിക്കുകയും രജിസ്‌ട്രേഷന്‍ ഫോം പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കണം. രക്തം ദാനം ചെയ്യുന്നതിന് ഹേമ-ക്യുബെക്കുമായി പങ്കാളിത്തത്തിലുള്ള ആശുപത്രിയിലായിരിക്കണം പ്രസവിക്കേണ്ടത്. ക്യുബെക്ക് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഗ്രേറ്റര്‍ മോണ്‍ട്രിയല്‍ ഏരിയയിലുടനീളം നിലവില്‍ ആറ് ആശുപത്രികള്‍ ഹേമ-ക്യുബെക്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.