ക്രെഡിറ്റ് കാര്‍ഡില്‍ മിനിമം പേയ്‌മെന്റ് നടത്തുന്നത് പത്ത് ശതമാനം കനേഡിയന്‍ പൗരന്മാര്‍: ട്രാന്‍സ് യൂണിയന്‍ സര്‍വേ 

By: 600002 On: May 30, 2024, 9:48 AM

 


കനേഡിയന്‍ പൗരന്മാര്‍ക്കിടയില്‍ കട ബാധ്യത വര്‍ധിക്കുന്നുണ്ട്. ഏകദേശം 2.4 ട്രില്യണ്‍ ഡോളര്‍ കാര്‍ ലോണ്‍, മോര്‍ഗേജുകള്‍, ക്രെഡിറ്റ് കാര്‍ ഡെറ്റ് തുടങ്ങി നിരവധി കടങ്ങള്‍ വഹിക്കുന്നവരാണ് കനേഡിയന്‍ പൗരന്മാര്‍. എന്നാല്‍ ഈയടുത്ത് ട്രാന്‍സ്‌യൂണിയന്‍ നടത്തിയ സര്‍വേയില്‍ ക്രമക്കേടുകളില്‍ വര്‍ധനവുണ്ടായിട്ടും ഏകദേശം 10 ശതമാനം കനേഡിയന്‍ പൗരന്മാരും അവരുടെ ക്രെഡിറ്റ് കാര്‍ഡുകളില്‍ ഏറ്റവും കുറഞ്ഞ പ്രതിമാസ പേയ്‌മെന്റ് മാത്രമാണ് നടത്തുന്നതെന്ന് കണ്ടെത്തി. 

കാനഡയില്‍ ഒമ്പത് അല്ലെങ്കില്‍ 10 ശതമാനം ഉപഭോക്താക്കള്‍ അവരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ പേയ്‌മെന്റാണ് നടത്തുന്നതെന്ന് ട്രാന്‍സ്‌യൂണിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇന്‍ഡസ്ട്രി ഇന്‍സൈറ്റ്‌സ് ഡയറക്ടര്‍ മാത്യു ഫാബിയാന്‍ പറയുന്നു. ഇത് ഉപഭോക്താക്കളെ സമ്മര്‍ദ്ദത്തിലാക്കുന്നു. 

2024 ആദ്യ പാദത്തില്‍ ലോണ്‍ പ്രൊഡക്ടുകളുടെ ശരാശരി ഉപഭോക്തൃ ബാലന്‍സ് വരുമ്പോള്‍ ആവറേജ് ഓട്ടോ ലോണ്‍ ഇപ്പോള്‍ 28,102 ഡോളര്‍ ആണെന്നും സര്‍വേയില്‍ കണ്ടെത്തി. ആവറേജ് ക്രെഡിറ്റ് കാര്‍ഡ് ഡെറ്റ് 4,276 ഡോളറാണ്. കാനഡയില്‍ ക്രമക്കേടുകളുടെ നിരക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12.67 ശതമാനം വര്‍ധിച്ചു. ഒന്റാരിയോയില്‍ 16.46 സതമാനമാണ് വര്‍ധിച്ചത്. ഉപഭോക്താക്കള്‍ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഫാബിയാന്‍ വ്യക്തമാക്കി. 

സാമ്പത്തിക വിടവ് നികത്താന്‍ കൂടുതല്‍ കുടുംബങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകളിലേക്ക് തിരിയുമ്പോള്‍ പല ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഏകദേശം 20 ശതമാനം വാര്‍ഷിക പലിശയുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.