ബീസിയില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നതിനെതിരെ റെസ്റ്റോറന്റ് ഗ്രൂപ്പ് രംഗത്ത് 

By: 600002 On: May 30, 2024, 9:04 AM

 


ബ്രിട്ടീഷ് കൊളംബിയയില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നതിനെതിരെ റെസ്റ്റോറന്റ് മേഖല രംഗത്ത്. ശനിയാഴ്ച പ്രവിശ്യയിലെ മിനിമം വേതനം 65 സെന്റ് ഉയര്‍ന്ന് മണിക്കൂറിന് 17.40 ഡോളറിലെത്തും. എന്നാല്‍ ബീസി ഏഷ്യന്‍ റെസ്‌റ്റോറന്റ് കഫേ ഓണേഴ്‌സ് അസോസിയേഷന്‍ മിനിമം വേതന വര്‍ധനവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മിനിമം വേതനം ഉയര്‍ത്തരുതെന്നാണ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. വേതനം ഉയരുമ്പോള്‍ ഭക്ഷണശാലകളിലെ വിലയും ഉയര്‍ത്തേണ്ടി വരുമെന്നും ഇത് ചില റെസ്‌റ്റോറന്റുകളെ ബിസിനസില്‍ നിന്നും പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡേവിഡ് ചുങ് മാധ്യമങ്ങളോട് പറഞ്ഞു. 

ഭക്ഷണ വില ഉയരുമ്പോള്‍ ആളുകള്‍ റെസ്‌റ്റോറന്റിലേക്കെത്തുന്നത് കുറയുന്നു. ഇതോടെ റെസ്‌റ്റോറന്റുകളുടെ വരുമാനം കുറയ്ക്കുന്നു. ഇതോടെ സമ്പദ് വ്യവസ്ഥയില്‍ തന്നെ ഇടിവുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ജീവനക്കാര്‍ക്ക് മിനിമം വേതനം റെസ്റ്റോറന്റുകള്‍ നല്‍കുന്നുണ്ട്. കൂടാതെ ടിപ്പുകളും ലഭിക്കുന്നുണ്ട്. ചിലര്‍ക്ക് വേതനത്തേക്കാള്‍ കൂടുതല്‍ ടിപ്പുകള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം നിലവില്‍ ജീവനക്കാര്‍ക്കുണ്ടെന്ന് ചുങ് വാദിക്കുന്നു. മാസങ്ങളോളം ഉയര്‍ന്ന പണപ്പെരുപ്പത്തിന് ശേഷം നിരവധി റെസ്റ്റോറന്റ് ഉടമകളും അവരുടെ ഉപഭോക്താക്കളും ഇതിനകം തന്നെ ബുദ്ധിമുട്ടിലാണെന്നും വേതന വര്‍ധന ഇന്‍ഡസ്ട്രിയില്‍ സുസ്ഥിരമല്ലാത്ത സമ്മര്‍ദ്ദം ചെലുത്തുമെന്നും ചുങ് കൂട്ടിച്ചേര്‍ത്തു.