കാനഡയില്‍ വോട്ടിംഗ് പ്രായം 16 ആക്കാന്‍ നീക്കം

By: 600002 On: May 30, 2024, 8:30 AM

 


കാനഡയില്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി ബുധനാഴ്ച ഓട്ടവ പാര്‍ലമെന്റ് ഹില്ലില്‍ Vote16 ഉച്ചകോടി നടന്നു. വോട്ടിംഗ് പ്രായം 16 ആക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ഈ വര്‍ഷം കാനഡയിലെ യംഗ് പൊളിറ്റീഷ്യന്‍സ് ഗ്രൂപ്പ് വിഷയം മുന്നോട്ടുവെച്ചു. 14 നും 24 നും ഇടയില്‍ പ്രായമുള്ള കനേഡിയന്‍ യുവാക്കളെ കൂടുതലായി രാഷ്ട്രീയത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഗ്രൂപ്പ് വാദിക്കുന്നു. ഇതിന്റെ ഭാഗമായാണ് വോട്ടിംഗ് പ്രായം കുറയ്ക്കാനുള്ള ആവശ്യം. രാജ്യത്തിന്റെ മുന്നോട്ടുള്ള നീക്കത്തെ സ്വാധീനിക്കുന്ന തീരുമാനങ്ങളില്‍ യുവാക്കള്‍ക്ക് അഭിപ്രായം ഉണ്ടായിരിക്കണമെന്നും യംഗ് പൊളിറ്റീഷ്യന്‍സ് ഓഫ് കാനഡ വാദിക്കുന്നു. 

സെനറ്റിന് മുമ്പാകെ സെനറ്റര്‍ മാരിലോ മക്‌ഫെഡ്രന്‍ ബില്ല് അവതരിപ്പിച്ചിരുന്നു. വരും ആഴ്ചകളില്‍ സെക്കന്‍ഡ് റീഡിംഗ് വോട്ടിന് ബില്ല് വന്നേക്കാം. ഇത് പാസായാല്‍ ദേശീയ വോട്ടിംഗ് പ്രായം 16 ആയി കുറയും. 

അര്‍ജന്റീന, ഓസ്ട്രിയ, ബ്രസീല്‍, ക്യൂബ, ഇക്വഡോര്‍, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ വോട്ടിംഗ് പ്രായം 16 ആയി കുറച്ചിട്ടുണ്ട്. കാനഡയില്‍ 1970 വരെ ഫെഡറല്‍ തെരഞ്ഞെടുപ്പുകളുടെ പ്രായം 21 ആയിരുന്നു. പിന്നീട് ഇത് 18 ആയി കുറയ്ക്കപ്പെട്ടു. എന്‍ഡിപി, ഗ്രീന്‍സ്, ലിബറല്‍ എംപിമാര്‍ വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കുന്നതിനെ പിന്തുണച്ചു. എന്നാല്‍ സര്‍ക്കാരും കണ്‍സര്‍വേറ്റീവുകളും മുന്‍ ശ്രമങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.