റഫയുടെ പടിഞ്ഞാറ് നിയുക്ത “സേഫ് സോണിലെ” ക്യാമ്പിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 21 പലസ്തീനികൾ കൊല്ലപ്പെട്ടു.13 സ്ത്രീകളും, പെൺകുട്ടികളും ഉൾപ്പെടെ മരിച്ചവരിൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ഈജിപ്ഷ്യൻ അതിർത്തിയോട് അടുത്തുള്ള റഫ നഗരത്തിൻ്റെ തെക്കൻ ഭാഗത്ത് ആക്രമണങ്ങൾ വർദ്ധിച്ചതായാണ് റിപ്പോർട്ട്.
റാഫ നഗരത്തിൻ്റെ മധ്യഭാഗത്ത്,വെടിവയ്പ്പിനെ തുടർന്ന് അകപ്പെട്ട കുടുംബങ്ങൾ അവരുടെ വീടുകളിൽ കുടുങ്ങിയതായി സ്ഥിരീകരിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട് . ഇസ്രായേലി ക്വാഡ്‌കോപ്റ്ററുകൾ അവിടെയുള്ള ആളുകളെ പിന്തുടരുന്നതായും, അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് തടയുന്നതായും അൽജസീറ റിപ്പോർട്ട് ചെയ്തു.
വടക്കുകിഴക്ക് മുതൽ റഫയുടെ വടക്കുപടിഞ്ഞാറ് വരെ, കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ ക്യാമ്പുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ തുടരെയുള്ള സൈനിക പ്രവർത്തനങ്ങൾ കാരണം സ്ഥിതിഗതികൾ മണിക്കൂറുകൾ കഴിയുന്തോറും വഷളാകുകയാണ്. അതേസമയം, പലസ്തീനികൾക്ക് എല്ലാ വിധ മാനുഷിക സഹായങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയാണ്.