ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് അത്യാധുനിക പരിശീലനം നൽകാന്‍ നാസ

By: 600007 On: May 30, 2024, 3:15 AM

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുളള ഇന്ത്യയുടെയും യുഎസിന്‍റെയും സംയുക്ത ദൗത്യത്തിന് മുന്നോടിയായി ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് നാസ വിപുലമായ പരിശീലനം നൽകും. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിലും യുഎസ് കൊമേർസ്യൽ സർവീസും വെള്ളിയാഴ്ച ബെംഗളൂരുവിൽ സംഘടിപ്പിച്ച 'യുഎസ്-ഇന്ത്യ കൊമേഴ്സ്യൽ സ്‌പേസ് കോൺഫറൻസ്: അൺലോക്കിങ് ഓപ്പർച്യൂനിറ്റീസ് ഫോർ യുഎസ് ആന്റ് ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ്‌സ്'ലാണ് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി ഇക്കാര്യം വ്യക്തമാക്കിയത്. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സംയുക്ത ദൗത്യം ലക്ഷ്യമിട്ടാണ് നാസ ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് അത്യാധുനിക പരിശീലനം നൽകുന്നത്. ഈ വർഷം തന്നെ അതുണ്ടാകാനാണ് സാധ്യത. കൂടാതെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ നിന്ന് നിസാർ ഉപഗ്രഹം താമസിയാതെ വിക്ഷേപിക്കുമെന്നും അദേഹം അറിയിച്ചു. യുഎസ്-ഇന്ത്യ സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ.