'പൊതുഇടങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തരുത്, പങ്കുവയ്ക്കരുത്': സൈബര്‍ സുരക്ഷാ വിദഗ്ധന്‍ 

By: 600002 On: May 29, 2024, 6:13 PM

 


ബീസിയിലെ റീട്ടെയ്ല്‍ കമ്പനികള്‍ക്ക് നേരെയും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നേരെയും സമീപകാലത്തായി നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്കിടയില്‍ പൊതുജനങ്ങള്‍ക്ക് ചില മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍. ഫാര്‍മസി, അല്ലെങ്കില്‍ ഡോക്ടറുടെ ഓഫീസ് പോലുള്ള പൊതുഇടങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താനോ പങ്കുവയ്ക്കാനോ പാടില്ലെന്നും വിദഗ്ധര്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയും അല്ലാതെയും വ്യക്തിപരമായ വിവരങ്ങള്‍ മോഷ്ടിക്കുന്ന കാലമാണിത്. അതിനാല്‍ ആളുകള്‍ അവരുടെ പേര്, വിലാസം, ജനനതീയതി, അസുഖം തുടങ്ങിയ കാര്യങ്ങള്‍ അപരിചിതരുള്ള സ്ഥലങ്ങളില്‍ വെളിപ്പെടുത്തുന്നതും അറിയാത്ത ഒരാളുമായി പങ്കുവയ്ക്കുന്നതും നിര്‍ത്തണമെന്ന് റെഡ്ഡിറ്റില്‍ ഉയര്‍ന്ന ചര്‍ച്ച ചൂണ്ടിക്കാട്ടുന്നു. 

ഫാര്‍മസിയിലോ ഓഫീസിലോ വിവരങ്ങള്‍ ചോദിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഹെല്‍ത്ത് കെയര്‍ കാര്‍ഡ് എന്നിവ അധികൃതര്‍ക്ക് കൈമാറാമെന്ന് സൈബര്‍ സുരക്ഷാ കമ്പനിയായ ചെക്ക് പോയിന്റ് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജീസ് എഞ്ചിനിയറിംഗ് മേധാവി റോബര്‍ട്ട് ഫാല്‍സണ്‍ പറയുന്നു. വിവരങ്ങള്‍ കടലാസില്‍ എഴുതി നല്‍കുകയോ ഫോണില്‍ ടൈപ്പ് ചെയ്ത് കാണിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.