ഒന്റാരിയോയില്‍ ലൈം രോഗം പടരുന്നു; 60 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു 

By: 600002 On: May 29, 2024, 11:25 AM

 


പ്രത്യേക ഇനം ചെള്ളുകള്‍ വഴി പകരുന്ന ലൈം രോഗം ഒന്റാരിയോയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. പ്രവിശ്യാ ഡാറ്റ അനുസരിച്ച്, ഈ വര്‍ഷം ഇതുവരെ ഒന്റാരിയോയില്‍ ലൈം രോഗം ബാധിച്ച 60 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2018 മുതല്‍ 2021 വരെ 8000 ത്തിലധികം കനേഡിയന്‍ പൗരന്മാരിലാണ് ലൈം രോഗം സ്ഥിരീകരിച്ചത്. 

ഒന്റാരിയോയില്‍ 13 ഇനം ചെള്ളുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. സമ്മര്‍ സീസണിലാണ് ഇവ കൂടുതലായും പെരുകുന്നത്. എല്ലാ ചെള്ളുകളും രോഗവാഹകരല്ല. രോഗം ബാധിച്ച ചെള്ള് കടിച്ച എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ലെന്നും വിദഗ്ധര്‍ പറയുന്നു. എങ്കിലും ലൈം ഡിസീസ് പകരുന്നത് ചെള്ള് കടിയിലൂടെയാണ്. എപ്പോഴും ജാഗ്രതയോടെയിരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. ഒന്റാരിയോയില്‍ രോഗം പരത്താന്‍ ഏറ്റവും സാധ്യതയുള്ള ഇനമായ ബ്ലാക്ക് ലെഗ്ഗ്ഡ് ചെള്ളുകളെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ കടിച്ചാല്‍ രോഗം അതിവേഗം പകരുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

എജ്യുക്കേഷണല്‍ റിസോഴ്‌സായ  TickTOOL പ്രകാരം ലൈം രോഗം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം ചെള്ളുകടിയില്‍ നിന്നും രക്ഷ നേടുകയെന്നതാണ്. വീടിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ കാല് മുഴുവനായി മറയ്ക്കുന്ന പാന്റ്, സോക്‌സ്, പാദങ്ങള്‍ മൂടുന്ന ഷൂസ്, എന്നിവ ധരിക്കുന്നത് ചെള്ളുകടി ഒഴിവാക്കാന്‍ സഹായിക്കും. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ ചെള്ളുകളെ പെട്ടെന്ന് കണ്ടെത്താനും സാധിക്കും.