ബ്രിട്ടീഷ് കൊളംബിയ അതിര്‍ത്തിയില്‍ നിന്നും ചരക്ക് തീവണ്ടികളില്‍ യുഎസിലേക്ക് മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍ 

By: 600002 On: May 29, 2024, 9:30 AM

 

 

ബ്രിട്ടീഷ് കൊളംബിയ അതിര്‍ത്തി വഴി ചരക്കുതീവണ്ടിയില്‍ അമേരിക്കയിലേക്ക് ഡസന്‍ കണക്കിന് ആളുകളെ അനധികൃതമായി കടത്താന്‍ ശ്രമം. വാന്‍കുവറിന് തെക്ക് ഭാഗത്തുള്ള പീസ് ആര്‍ച്ച് അതിര്‍ത്തിയിലെ യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ അര്‍ധരാത്രി അതിര്‍ത്തി കടക്കുന്ന ഒരു റെയില്‍കാര്‍ എക്‌സ്‌റേ ചെയ്തപ്പോഴുണ്ടായ അപാകതകള്‍ ശ്രദ്ധിച്ചപ്പോഴാണ് തീവണ്ടിയില്‍ ആളുകളെ കടത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. ചരക്കുതീവണ്ടി പരിശോധിച്ചപ്പോള്‍ 28 മെക്‌സിക്കന്‍ പൗരന്മാരെയും ഒരു കൊളംബിയക്കാരനെയും ഒരു ലോഡ് ബള്‍ക്ക് പ്ലാസ്റ്റിക് പെല്ലറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സിയാറ്റില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

രണ്ട് മാസത്തിനുള്ളില്‍ പീസ് ആര്‍ച്ച് ബോര്‍ഡര്‍ ഉദ്യോഗസ്ഥര്‍ രാത്രിയില്‍ മറ്റൊരു ചരക്ക് ട്രെയിന്‍ തടഞ്ഞ നിര്‍ത്തി പരിശോധിച്ചപ്പോള്‍ 13 മെക്‌സിക്കന്‍ പൗരന്മാരെ കണ്ടെത്തിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒറിഗോണില്‍ നിന്നുള്ള ജീസസ് ഒര്‍ട്ടിസ്-പ്ലാറ്റ(45), വാഷിംഗ്ടണിലെ ജുവാന്‍ പാബ്ലോ കുല്ലര്‍ മദീന(35) എന്നിവരെ ബീസി-വാഷിംഗ്ടണ്‍ അതിര്‍ത്തിയിലൂടെ കടത്തിയതായി സംശയിക്കുന്ന മൂന്ന് കുടിയേറ്റക്കാര്‍ക്കൊപ്പം കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാരില്‍ രണ്ട് പേര്‍ ഒര്‍ട്ടിസ്-പ്ലാസയ്ക്ക് ബീസിയില്‍ നിന്ന് ഒറിഗോണിലേക്ക് പോകുന്നതിനായി 8,000 ഡോളര്‍ നല്‍കിയതായി സമ്മതിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സ്വകാര്യ സാമ്പത്തിക നേട്ടത്തിനായി പൗരനല്ലാത്ത ഒരാളെ അനധികൃതമായി അതിര്‍ത്തി കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ക്ക് 10 വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ലഭിക്കും.