സറേയില്‍ ഒരു മാസം മുമ്പ് കാണാതായ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി 

By: 600002 On: May 29, 2024, 8:52 AM

 


ഒരു മാസം മുമ്പ് സറേയില്‍ നിന്നും കാണാതായ ഇന്ത്യന്‍ വംശജയായ സിമ്രാന്‍ ഖത്ര(19)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27 ന് സിമ്രാനെ കാണാതായത് മുതല്‍ സറേ ആര്‍സിഎംപി ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ദാരുണമായി സിമ്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സറേ ആര്‍സിഎംപി മരണം സ്ഥിരീകരിച്ചു. എവിടെയാണ് മൃതദേഹം കണ്ടെത്തിയതെന്നോ എങ്ങനെയാണ് മരിച്ചതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. 

ഏപ്രില്‍ 27 ന് വൈകുന്നേരം 88 അവന്യൂവിനും 132 സ്ട്രീറ്റിനും സമീപം ബസില്‍ കയറുന്നതായാണ് സിമ്രാനെ അവസാനമായി കണ്ടത്. പിന്നീട് സിമ്രാനെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. അതേസമയം, പറ്റുള്ളോ ബ്രിഡ്ജില്‍ നിന്നും മകളുടെ സെല്‍ഫോണ്‍ ഒരാള്‍ക്ക് ലഭിച്ചെന്നും ഇത് പോലീസിന് കൈമാറിയിരുന്നുവെന്നും പിതാവ് ഖരീന്ദര്‍ ഖത്ര പറഞ്ഞു. മകളെ കാണാതായതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നതായും ഖത്ര മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പോലീസ് ഇക്കാര്യങ്ങളില്‍ പ്രതികരിച്ചിട്ടില്ല.