ഡയറി മിൽക്ക് നിർമ്മാതാക്കളുടെ മണ്ടത്തരം, 3048 കോടി പിഴയടക്കണം; പാരയായത് അത്യാഗ്രഹം

By: 600007 On: May 29, 2024, 6:52 AM

വൻ ലാഭം നേടാനുള്ള കുറുക്കു വഴി വമ്പൻ പാരയായി മാറിയായാലോ…? ഇങ്ങനൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ചോക്ക്ളേറ്റ് നിർമ്മാണ കമ്പനികളിൽ ഒന്നായ മൊണ്ടേലെസ്. ഒറിയോ ബിസ്‌ക്കറ്റ്, കാഡ്ബറി ഡയറി മിൽക്ക് എന്നിവയുടെ നിർമാതാക്കൾ ആണ് ഇവർ. ഉൽപ്പന്നങ്ങളുടെ വില കൂട്ടാനുള്ള മൊണ്ടെലസിന്റെ ശ്രമങ്ങൾ കണ്ടെത്തിയ യൂറോപ്യൻ യൂണിയൻ കമ്പനിക്ക് 366 മില്യൺ ഡോളർ (ഏകദേശം 3048 കോടി രൂപ) പിഴ ചുമത്തി. ഉൽപ്പന്നങ്ങളുടെ വില കൂട്ടുന്നതിന് വേണ്ടി 37 രാജ്യങ്ങളുടെ യൂറോപ്യൻ യൂണിയൻ ബ്ലോക്കിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിയന്ത്രിച്ചതിനാലാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ക്രാഫ്റ്റ് എന്നറിയപ്പെട്ടിരുന്ന ഈ കമ്പനി ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, കോഫി എന്നിവയുടെ നിർമ്മാതാക്കളിൽ ഒന്നാണ്.


ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, കോഫി ഉൽപന്നങ്ങൾ എന്നിവയുടെ അതിർത്തി കടന്നുള്ള വ്യാപാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് മൊണ്ടെലസിന് പിഴ ചുമത്തിയതെന്ന് യൂറോപ്യൻ യൂണിയൻ കോമ്പറ്റീഷൻ കമ്മീഷണർ മാർഗ്രെത്ത് വെസ്റ്റേജർ പറഞ്ഞു. കമ്പനി നിയന്ത്രണമേർപ്പെടുത്തിയതോടെ ഈ ഉൽപ്പന്നങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഇരട്ടി വില നൽകേണ്ടതായി വന്നെന്ന് യൂറോപ്യൻ യൂണിയൻ ആരോപിച്ചു. നിലവിൽ വിലക്കയറ്റം നേരിടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നതായിരുന്നു കമ്പനിയുടെ നീക്കം.

മൊണ്ടെലസ് തങ്ങളുടെ വിപണി മേധാവിത്വം ദുരുപയോഗം ചെയ്തതായി കമ്മീഷൻ പറഞ്ഞു. 2012 നും 2019 നും ഇടയിൽ ആഭ്യന്തര വിപണിയിൽ വിൽക്കുന്ന ഉത്പന്നങ്ങളെക്കാൾ കൂടുതൽ വില കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്നതിന് കമ്പനി ശ്രമിച്ചു എന്ന് യൂറോപ്യൻ യൂണിയൻ കണ്ടെത്തി. വില കൂടുതലുള്ള ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, റൊമാനിയ എന്നിവിടങ്ങളിൽ ഉൽപ്പന്നങ്ങൾ വീണ്ടും വിൽക്കുന്നത് ഒഴിവാക്കാൻ ജർമ്മനിയിലെ ഒരു വ്യാപാരിക്ക് ഉൽപ്പന്നങ്ങൾ നൽകുന്നതിന് മൊണ്ടെലെസ് വിസമ്മതിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.