ബാഴ്‌സയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഫ്‌ലിക്കിന് മുന്നറിയിപ്പുമായി സാവി

By: 600007 On: May 28, 2024, 5:35 PM

ബാഴ്‌സലോണ: എഫ്‌സി ബാഴ്‌സലോണയുടെ പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്കിന് മുന്നറിയിപ്പുമായി പുറത്താക്കപ്പെട്ട പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ്. ബാഴ്‌സയില്‍ ഫ്‌ലിക്കിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍ ആണെന്നും അതിജീവനം ദുഷ്‌കരമായിരിക്കും എന്നുമാണ് സാവിയുടെ മുന്നറിയിപ്പ്. ഒരുവര്‍ഷത്തെ കരാര്‍ ശേഷിക്കേയാണ് ക്ലബിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാള്‍കൂടിയായ കോച്ച് സാവി ഹെര്‍ണാണ്ടസിനെ ബാഴ്‌സലോണ പുറത്താക്കിയത്. ജര്‍മ്മന്‍ കോച്ച് ഹാന്‍സി ഫ്‌ലിക്കിനെ പകരക്കാരനായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ, ബാഴ്‌സയില്‍ പരിശീലകന്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് സാവി തൻ്റെ പിന്‍ഗാമിക്ക് മുന്നറിയിപ്പ് നല്‍കിയത്. പുതിയ കോച്ചിനോട് പറയാനുള്ളത് ഒറ്റക്കാര്യം മാത്രം. ''താങ്കള്‍ക്ക് ഇവിടെ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. പിടിച്ചുനില്‍ക്കാന്‍ ഏറെ പ്രയാസമുള്ള ക്ലബാണിത്. ഇതിനെക്കാള്‍ ദുഷ്‌കരമായൊരു ജോലിയുണ്ടാവില്ല.'' സാവി മുന്നറിയിപ്പ് നല്‍കി. ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മ്മന്‍ ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു ബാഴ്‌സയുടെ പുതിയ കോച്ച് ഹാന്‍സി ഫ്‌ലിക്ക്.