കാനഡയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഔദ്യോഗിക പൗരത്വ പദവി: പരിഗണനയിലെന്ന് ഫെഡറല്‍ സര്‍ക്കാര്‍

By: 600002 On: May 28, 2024, 12:23 PM

 

കാനഡയിലെ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് കാനഡയുടെ ഔദ്യോഗിക പൗരത്വ പദവി നല്‍കുന്നത് സംബന്ധിച്ച് പരിഗണനയിലെന്ന് ഫെഡറല്‍ സര്‍ക്കാര്‍. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനെക്കുറിച്ച് 2021 ല്‍ സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ കുടിയേറ്റത്തിനുള്ള പൊതുപിന്തുണയില്‍ കുത്തനെ ഇടിവ് സംഭവിച്ച സാഹചര്യത്തിലാണ് ഇപ്പോഴുള്ള നീക്കം. ഈ വര്‍ഷം ഇതുവരെ, താല്‍ക്കാലിക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിക്കുകയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് വിസകളുടെ എണ്ണത്തില്‍ കുത്തനെ വെട്ടിക്കുറവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

പുതിയ നിര്‍ദ്ദേശ പ്രകാരം, നിയമപരമായി കാനഡയില്‍ പ്രവേശിച്ചവരും അവരുടെ വിസ കാലാവധി കഴിഞ്ഞതിന് ശേഷം താമസിച്ചവരും(അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ) ഔദ്യോഗിക പൗരത്വ പദവിക്ക് അര്‍ഹരാണെന്നാണ് സൂചന. കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും, കാനഡയിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ എണ്ണം 500,000 ആയി ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു.