റിച്ച്മണ്ടില്‍ പോലീസ് ഉദ്യോഗസ്ഥനെ ഇടിക്കാന്‍ ശ്രമിച്ച വാഹനത്തിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതം; പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു

By: 600002 On: May 28, 2024, 11:23 AM

 


റിച്ച്മണ്ടില്‍ ട്രാഫിക് സ്റ്റോപ്പില്‍ പോലീസ് ഉദ്യോഗസ്ഥനെ ഇടിക്കാന്‍ ശ്രമിച്ച് നിര്‍ത്താതെ പോയ വാഹനവും ഡ്രൈവറെയും കണ്ടെത്താനുള്ള അന്വേഷണത്തില്‍ പോലീസിനെ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് റിച്ച്മണ്ട് ആര്‍സിഎംപി. മെയ് 19 ന് നൈറ്റ് സ്ട്രീറ്റ് ബ്രിഡ്ജിന് സമീപം ഹൈവേ 91 ലാണ് സംഭവമുണ്ടായത്. ട്രാഫിക് സ്റ്റോപ്പില്‍ ഉദ്യോഗസ്ഥനെ ഇടിക്കാന്‍ ശ്രമിച്ച് നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡാഷ് ക്യാം ഫൂട്ടേജ് തിരയുകയാണെന്ന് റിച്ച്മണ്ട് ആര്‍സിഎംപി പറഞ്ഞു. 

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതപരിധിയുള്ള മേഖലയില്‍ വാഹനം മണിക്കൂറില്‍ 145 കി.മീ വേഗതയില്‍ വേഗതാ പരിധി കടന്നാണ് സഞ്ചരിച്ചിരുന്നത്. റോഡ് സേഫ്റ്റി യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ റഡാര്‍ ഗണ്‍ ഉപയോഗിച്ച് വേഗത പരിശോധിക്കുന്നതിനിടയിലാണ് ഇടിക്കാന്‍ ശ്രമിച്ചത്. റോഡിന്റെ വശത്തേക്ക് ഡൈവ് ചെയ്തതിനാലാണ് ഇടിക്കാതിരുന്നതെന്ന് പോലീസ് പറഞ്ഞു. 

പോലീസ് ഉദ്യോഗസ്ഥന് നിസാര പരുക്ക് മാത്രമാണുള്ളത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ റോഡിലെ മറ്റ് യാത്രക്കാരെയും അപകടത്തിലാക്കുന്നതായി പോലീസ് മേധാവി പറഞ്ഞു.