രോഗികളെ ടാക്‌സികളില്‍ എത്തിക്കാന്‍ ഓട്ടവ സിറ്റിയുടെ പദ്ധതി; ഒന്റാരിയോ ആരോഗ്യമന്ത്രാലയം അംഗീകാരം നല്‍കിയില്ല

By: 600002 On: May 28, 2024, 10:35 AM


അടിയന്തര സാഹചര്യമല്ലാത്ത രോഗികളെ ടാക്‌സികളില്‍ എത്തിക്കാനുള്ള ഓട്ടവ സിറ്റിയുടെ പദ്ധതികള്‍ക്ക് ഒന്റാരിയോ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയില്ല. സിറ്റിയുടെ പൈലറ്റ് പദ്ധതിക്ക് പ്രവിശ്യയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് പാരാമെഡിക് മേധാവി പിയറി പോയ്‌റര്‍ കൗണ്‍സിലര്‍മാര്‍ക്ക് അയച്ച മെമ്മോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒന്റാരിയോ ഹെല്‍ത്ത് മിനിസ്ട്രി അംഗീകാരം നല്‍കിയില്ല. 

പാരാമെഡിക്കുകള്‍ രോഗികളെ പരിശോധിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുകയും അടിയന്തര സഹായം ആവശ്യമില്ലാത്ത രോഗികളെ ടാക്‌സിയില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ഇത്. ഈ രോഗികളെ അത്യാഹിത വിഭാഗങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാരാമെഡിക്കുകള്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നു. രോഗികളെ ചികിത്സിക്കാനും റഫര്‍ ചെയ്യാനും കമ്മ്യൂണിറ്റി പാരാമെഡിക്കുകളെ പിന്തുണയ്ക്കുന്നു. 911 പാരാമെഡിക്കുകളില്‍ നിന്ന് വ്യത്യസ്തമായി അവരെ അടിയന്തര സാഹചര്യങ്ങളിലേക്ക് വിളിക്കുന്നില്ല, പകരം പ്രതിരോധ പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

നയാഗ്ര റീജിയണ്‍ കുറച്ച് വര്‍ഷങ്ങളായി സമാനമായ പ്രോഗ്രാം വിജയകരമായി നടത്തുന്നുണ്ട്. 911 കോളര്‍മാര്‍ക്ക് ആശുപത്രിയിലേക്കോ വാക്ക്-ഇന്‍ ക്ലിനിക്കിലേക്കോ ടാക്‌സി എടുക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നു. അടുത്ത കാലം വരെ ഓട്ടവ സിറ്റിയില്‍ നെക്‌സ്റ്റ്-ജനറേഷന്‍ ഡിസ്പാച്ച് സിസ്റ്റം ഇല്ലായിരുന്നു.