5,300 വർഷം പഴക്കമുള്ള മൃതദേഹം, ടാറ്റൂവടക്കം വ്യക്തം, മരണകാരണം കൊലപാതകം

By: 600007 On: May 28, 2024, 8:39 AM

 

5,300 വർഷം പഴക്കമുള്ള ഒരു ശരീരം. എന്നാൽ, കാണുമ്പോൾ നശിച്ചുപോകാത്ത നിലയിലാണുള്ളത്. എന്തിനേറെ പറയുന്നു ദേഹത്തുള്ള ടാറ്റൂ അടക്കം മനസിലാക്കാൻ പാകത്തിന് വ്യക്തം. അതിശയം തോന്നുന്നുണ്ട് അല്ലേ? അതാണ് ഓറ്റ്സി എന്ന മഞ്ഞുമനുഷ്യൻ.

മമ്മികളെ കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാവും. ഈജിപ്തിൽ അങ്ങനെ ഒരുപാട് മനുഷ്യരെ മമ്മിയാക്കി വച്ചിട്ടുണ്ട്. എന്നാൽ, ഓറ്റ്സിയെ ആരും മമ്മിയാക്കി വച്ചതല്ല. മറിച്ച് പ്രകൃതി തന്നെയാണ് ഓറ്റ്സിയെ ഒരു മമ്മിയാക്കിത്തീർത്തത്. ആൽപ്സ് പർവത നിരയിൽ നിന്നാണ് ഓറ്റ്സിയെ കണ്ടെത്തുന്നത്. 1991 സെപ്‌റ്റംബർ 19 -ന്, ആൽപ്‌സ് പർവതനിരകളിലെ ഒറ്റ്‌സ്‌താൽ താഴ്‌വരയിൽ വച്ച് ജർമ്മൻ ഹൈക്കേഴ്സായ എറിക്കയും ഹെൽമുട്ട് സൈമണുമാണ് ഓറ്റ്സിയുടെ മൃതദേഹം ആദ്യമായി കാണുന്നത്. മൃതദേഹം കണ്ടയുടനെ എറിക്കയും ഹെൽമുട്ട് സൈമണും കരുതിയത് ഇത് അടുത്തിടെ മരിച്ചുപോയ ഏതെങ്കിലും ഹൈക്കറുടെ മൃതദേഹമായിരിക്കും എന്നാണ്. എന്നാൽ, അടുത്ത് നിന്നും കിട്ടിയ ആയുധങ്ങളും പിന്നീട് മൃതദേഹത്തിൽ നടന്ന ​വിശദമായ പഠനവും ഇത് ഒരു ആധുനിക മനുഷ്യന്റെ മൃതദേഹമല്ല എന്നും 5,300 വർഷം പഴക്കമുണ്ടെന്നും കണ്ടെത്തുകയായിരുന്നു. പിന്നീട്, ​ഗവേഷകർ നിരവധി പഠനങ്ങൾ ഓറ്റ്സിയെ കേന്ദ്രീകരിച്ച് നടത്തി. പല വിവരങ്ങളും പുറത്ത് വന്നു. 

ബിസി 3300 -ൽ താമ്രയു​ഗത്തിലാണ് ഓറ്റ്സി ജീവിച്ചിരുന്നത്. ശിലായു​ഗ ഉപകരണങ്ങളും ഒപ്പം ലോഹഉപകരണങ്ങളും ഉപയോ​ഗിച്ചിരുന്ന കാലമാണിത്. ഓറ്റ്‌സിയുടെ വസ്ത്രങ്ങൾ മാനിന്‌റെ തോലും പുല്ലുകളും ഒക്കെക്കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. ​ഗവേഷകർ പറയുന്നത് ഒന്നുകിൽ ഓറ്റ്സി ഒരു വേട്ടക്കാരനായിരുന്നിരിക്കാം, അല്ലെങ്കിൽ ഒരു യോദ്ധാവായിരുന്നിരിക്കാം എന്നാണ്. അമ്പ്, വില്ല്, കോടാലി തുടങ്ങിയവയൊക്കെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയിരുന്നു. 

61 പച്ചകുത്തലുകളാണ് ഓറ്റ്സിയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഒന്നുകിലിവ ഏതെങ്കിലും ആചാരത്തിന്റെ ഭാ​ഗമായിരുന്നിരിക്കാം. അല്ലെങ്കിൽ, ഏതെങ്കിലും ചികിത്സയുടെ ഭാ​ഗമായിരുന്നിരിക്കാം എന്നാണ് കരുതുന്നത്. 50 കിലോ ഭാ​ഗരവും അഞ്ചടി മൂന്നിഞ്ച് ഉയരവുമായിരുന്നു ഓറ്റ്സിക്ക്, 40-45 ആയിരുന്നു മരിക്കുമ്പോൾ പ്രായം. ഒപ്പം പലവിധ രോ​ഗങ്ങളുണ്ടായിരുന്നതായും കണ്ടെത്തി. വാതം, ശ്വാസകോശ രോ​ഗങ്ങൾ ഒക്കെ ഇതിൽ പെടുന്നു. 

ഓറ്റ്സിയുടെ മരണകാരണവും ഒരു പഠന വിഷയമായിട്ടുണ്ടായിരുന്നു. ​ഗവേഷകരുടെ അനുമാനം അദ്ദേഹം കൊല്ലപ്പെട്ടതാണ് എന്നാണ്. ഓറ്റ്സിയുടെ മൃതദേഹത്തിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. തലയിലും തോളിലുമായിരുന്നു അത്. തലയിലേറ്റ മുറിവായിരുന്നിരിക്കാം മരണകാരണം എന്നാണ് കരുതുന്നത്