നാല് ദിവസം, 50 കോടി ക്ലബ്ബിൽ ടർബോ, 'കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർ'ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കമ്പനി

By: 600007 On: May 27, 2024, 3:12 PM

 

മമ്മൂട്ടി നായികനായി എത്തിയ ഏറ്റവും പുതിയ ചിത്രം ടർബോ 50 കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ കണക്ക് ഔദ്യോ​ഗികമായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ആകെ ടർബോ നേടിയിരിക്കുന്നത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന് മമ്മൂട്ടി കമ്പനി കണക്കുകൾ പുറത്തുവിട്ട് കുറിച്ചിട്ടുണ്ട്. 

മെയ് 24ന് ആയിരുന്നു ടര്‍ബോ തിയറ്ററുകളില്‍ എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആയിരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് നിര്‍വഹിച്ചത്. 


മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രത്തില്‍ വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയത്.