ഒന്റാരിയോയില്‍ ഡെര്‍മറ്റോളജിസ്റ്റുകള്‍ക്ക് ക്ഷാമം നേരിടുന്നു 

By: 600002 On: May 27, 2024, 11:28 AM

 


ഒന്റാരിയോയില്‍ ഡെര്‍മറ്റോളജിസ്റ്റുകളുടെ ക്ഷാമം രൂക്ഷമാകുന്നു. പ്രവിശ്യയില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണാന്‍ മാസങ്ങളോളമാണ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നതെന്ന് നോര്‍ത്ത് യോര്‍ക്കിലെ കനേഡിയന്‍ ഡെര്‍മറ്റോളജി സെന്ററിലെ പ്രധാന ഡെര്‍മറ്റോളജിസ്റ്റ് ഡോ. റെനിറ്റ അലുവാലിയ പറഞ്ഞു. പത്ത് വര്‍ഷത്തിലേറെയായി താന്‍ നഗരത്തില്‍ ഡെര്‍മറ്റോളജിസ്റ്റായി പ്രവര്‍ത്തിക്കുകയാണെന്നും പ്രശ്‌നം ഇപ്പോള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഡോ, ആലുവാലിയ പറഞ്ഞു. 

മെഡിക്കല്‍ ഡെര്‍മറ്റോളജി പഠനത്തിന് ചെലവ് വളരെ ഉയര്‍ന്നതാണ്. അതിനാല്‍ ഡെര്‍മറ്റോളജി പഠിച്ച് ഇറങ്ങുന്നവരുടെ എണ്ണം കുറയും. കൂടാതെ, പ്രവിശ്യയില്‍ മാത്രമല്ല, കാനഡയിലുടനീളം ഡെര്‍മോളജിസ്റ്റുകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. അതേസമയം, സര്‍ക്കാര്‍ ഡാറ്റ കാണിക്കുന്നത് 2018 നും 2021 നും ഇടയില്‍ പ്രവിശ്യയിലെ ഡെര്‍മറ്റോളജിസ്റ്റുകളുടെ എണ്ണം 5.5 ശതമാനം വര്‍ധിച്ച് 238 ല്‍ നിന്ന് 251 ആയെന്നാണ്. 

സാരമായ ത്വക്ക്‌രോഗങ്ങള്‍ ഉള്ളവര്‍ക്ക് കൃത്യ സമയത്ത് ഡെര്‍മറ്റോളജിസ്റ്റിനെ കാണാന്‍ കഴിയാതെ രോഗം വഷളാകുന്ന സാഹചര്യം ഉണ്ടാവുകയും അവര്‍ക്ക് ആവശ്യമായ സഹായം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതായി അലുവാലിയ പറഞ്ഞു. പ്രശ്‌നത്തിന് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും നടപടി സ്വീകരിക്കണമെന്നും മതിയായ ഡെര്‍മറ്റോളജിസ്റ്റുകളെ നിയമിക്കാന്‍ ശ്രമിക്കണമെന്നും അലുവാലിയ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.