കാനഡയില്‍ എഐ ഉപയോഗിച്ചുള്ള വിദ്വേഷ ഉള്ളടക്കങ്ങളുടെ പ്രചരണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ 

By: 600002 On: May 27, 2024, 10:54 AM

 

 

കാനഡയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വീഡിയോ നിര്‍മിച്ച് വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും ആഹ്വാനങ്ങള്‍ക്കും ഉപയോഗിക്കുന്നത് വര്‍ധിച്ചതായി വിദഗ്ധര്‍. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുകയും വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടത്തുകയും വിദ്വേഷ പ്രചാരണങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വര്‍ധിച്ചതായി വിദഗ്ധര്‍ പറയുന്നു. ഇത്തരം പ്രവണത ആശങ്കയുയര്‍ത്തുന്നുവെന്നും വിദഗ്ധര്‍ പറഞ്ഞു. രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളുടെ ഡീപ്പ്‌ഫേക്ക് വീഡിയോകളാണ് വിദ്വേഷകുറ്റകൃത്യങ്ങള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നതെന്ന് കനേഡിയന്‍ ആന്റി-ഹേറ്റ്-നെറ്റ്‌വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ സ്മിത്ത് പറുന്നു.  

ജനറേറ്റീവ് എഐ സിസ്റ്റങ്ങള്‍ക്ക് ലളിതമായ പ്രോംപ്റ്റ് ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാന്‍ കഴിയുമെന്ന സവിശേഷതയാണ് കുറ്റവാളികള്‍ വിദ്വേഷ പ്രചരണങ്ങള്‍ക്കായി എഐ കൂടുതലായും ഉപയോഗിക്കുന്നത്. സമീപകാലത്തായി ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതോടെ ജൂത, ഇസ്ലാം വിരുദ്ധ പ്രചാരണങ്ങള്‍ വര്‍ധിച്ചു. ഇതില്‍ വിദ്വേഷ ഉള്ളടക്കങ്ങളുടെ വീഡിയേകള്‍ മിക്കതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിക്കുന്നവയാണെന്നും വിദഗ്ധര്‍ പറയുന്നു. 

കാനഡയില്‍ വിദ്വേഷ ഉള്ളടക്കങ്ങള്‍ തടയാന്‍ സഹായിക്കുമെന്ന് ലിബറല്‍ സര്‍ക്കാര്‍ പറയുന്ന ഫെഡറല്‍ നിയമനിര്‍മാണം ഉണ്ട്. ബില്‍ സി-63. ഓണ്‍ലൈന്‍ വഴിയുള്ള വിദ്വേഷപ്രചാരണങ്ങള്‍ തടയാനുള്ള നിര്‍ദ്ദിഷ്ട ബില്ലാണിത്. ഇന്നൊവേഷന്‍ കാനഡ നിര്‍ദ്ദിഷ്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റെഗുലേഷന്‍ ലെജിസ്ലേഷന്‍ ബില്‍ സി-27 ല്‍ വാട്ടര്‍മാര്‍ക്കിംഗ് പോലുള്ളവയിലൂടെ എഐ ഉള്ളടക്കം തിരിച്ചറിയാന്‍ ആവശ്യപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.