ഖത്തര്‍ എയര്‍വെയ്‌സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 12  പേര്‍ക്ക് പരുക്ക് 

By: 600002 On: May 27, 2024, 9:35 AM

 


വീണ്ടും വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് അപകടം. ദോഹ-ഡബ്ലിന്‍ ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണ് ഇത്തവണ ആകാശച്ചുഴിയില്‍പ്പെട്ടത്. ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ് 12 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമായ QR017  ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അപകടത്തിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് ഷെഡ്യൂള്‍ ചെയ്ത പ്രകാരം വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ പരുക്കേറ്റവര്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കുകയും സാരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രസ്താവനയില്‍ പറഞ്ഞു. 

വിമാനം തുര്‍ക്കിയ്ക്ക് മുകളിലൂടെ സഞ്ചരിക്കവേയാണ് ശക്തമായ കാറ്റില്‍പ്പെട്ട് ആടിയുലഞ്ഞത്. പിന്നീട് അപകടമൊന്നും കൂടാതെ ലാന്‍ഡ് ചെയ്യുകയായിരുന്നു. 

കഴിഞ്ഞയാഴ്ച ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട് ഒരു യാത്രക്കാരന്‍ മരിക്കുകയും 30 ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.