വേനല്‍ക്കാലത്ത് വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങള്‍ ക്യുബെക്കില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ദിവസം ഒരു കുട്ടി വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങളില്‍പ്പെട്ട് എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പഠന റിപ്പോര്‍ട്ട് സെപ്റ്റംബറില്‍ കനേഡിയന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് സര്‍ജന്റെ വാര്‍ഷിക യോഗത്തില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. ഈ സമ്മര്‍ സീസണില്‍ മുങ്ങിമരണങ്ങള്‍ തടയാമെന്ന പ്രതീക്ഷയിലാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്ന് മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ. ഹുസൈന്‍ വിസാന്‍ജി പറയുന്നു.
ഒരു വയസ്സിനും നാല് വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കുളങ്ങളില്‍, പ്രത്യേകിച്ച് ശരിയായ വേലിയില്ലാത്ത പൂളുകളില്‍ കുട്ടികള്‍ അധികമായി പോകുന്നതെന്നും മുങ്ങിയുള്ള അപകടങ്ങളില്‍പ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂള്‍ ഉടമകള്‍ സംരക്ഷണ വേലികള്‍ നിര്‍മിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അതേസമയം, പഴയ പൂളുകളുള്ളയാളുകള്‍ക്ക് ഇത് 2025 നകം പാലിച്ചാല്‍ മതി.
ചെറിയ കുട്ടികളേക്കാള്‍ മുതിര്‍ന്ന കുട്ടികള്‍ തടാകങ്ങള്‍, നദികള്‍, പുഴകള്‍ എന്നിവയില്‍ മുങ്ങിയുള്ള അപകടങ്ങളില്‍പ്പെടാന്‍ സാധ്യത കൂടുതലാണെന്നും അപകടങ്ങളും ആശുപത്രി വാസങ്ങളും ഭൂരിഭാഗവും വാരന്ത്യങ്ങളിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.