'മസ്‌കും നിക്കോളും തമ്മിലെന്ത്;ചര്‍ച്ചയായി ബന്ധം

By: 600007 On: May 27, 2024, 6:46 AM

 

ടെസ്ല തലവന്‍ എലോണ്‍ മസ്‌കും ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ഗെ ബ്രിന്നിന്റെ മുന്‍ഭാര്യയും അഭിഭാഷകയുമായ നിക്കോള്‍ ഷാനഹാനുമായുള്ള ബന്ധവും കെറ്റമിന്‍ ഉപയോഗവുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുന്നത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് എന്നത് സംബന്ധിച്ച് പേര് വെളിപ്പെടുത്താത്ത എട്ടോളം വ്യക്തികള്‍ പറഞ്ഞിരിക്കുന്നതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2021ല്‍ മസ്‌കും ഷാനഹാനും ഒരു പാര്‍ട്ടിക്കിടെ ഒന്നിച്ച് കെറ്റമിന്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

2021ല്‍ ഷാനഹാന്‍ ഒരു ജന്മദിന വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഈ പാര്‍ട്ടിയില്‍ മസ്‌കും പങ്കെടുത്തിരുന്നു. മസ്‌കിന്റെ സഹോദരന്‍ അതേവര്‍ഷം മിയാമിയില്‍ നടത്തിയ സ്വകാര്യ വിരുന്നിലും ഷാനഹാനും മസ്‌കും പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ വച്ചാണ് ഇരുവരും കെറ്റമിന്‍ ഉപയോഗിച്ചത്. ഷാനഹാന്‍ മസ്‌കിനോട് നടത്തിയ തുറന്നുപറച്ചിലും റിപ്പോര്‍ട്ടിലുണ്ട്. മസ്‌കുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ഷാനഹാന്‍ സെര്‍ഗേ ബ്രിന്നിനോട് തുറന്ന് പറഞ്ഞുവെന്നും ഇക്കാര്യം മറ്റ് ചിലരോടും ഷാനഹാന്‍ പറഞ്ഞിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ 2022ല്‍ തന്നെ പുറത്തുവന്നിരുന്നു. എന്നാലത് വ്യാജമാണെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. പാര്‍ട്ടിക്കിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നും മകളുടെ ഓട്ടിസം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്ന് സംസാരിച്ചിരുന്നതെന്നും ഷാനഹാനും കഴിഞ്ഞ വര്‍ഷം പ്രതികരിച്ചിരുന്നു. പിന്നാലെ വഞ്ചിച്ചുവെന്ന തരത്തില്‍ തന്റെ പേര് ചര്‍ച്ചയാകുന്നതിലെ രോഷവും അവര്‍ പ്രകടിപ്പിച്ചിരുന്നു. നികോളുമായി ബന്ധത്തിലാകുന്നതുവരെ സെര്‍ഗെയും മസ്‌കും നല്ല സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെന്നും പുതിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ബ്രിന്‍ ജനുവരിയില്‍ വിവാഹ മോചനത്തിന് അപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2021 ഡിസംബര്‍ 15ന് ഷനാഹനുമായി വേര്‍പിരിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.