പാകിസ്ഥാനിലെ ഗ്രാമവഴികളിലൂടെ ഇനി മുസ്കാൻ നടക്കും; ഒപ്പം നടക്കാന്‍ ആരാധകരും

By: 600007 On: May 27, 2024, 6:33 AM

 

മനോഹരവും വിശാലവുമായ പാകിസ്ഥാനിലെ ഗ്രാമങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയ കുഞ്ഞ് യൂട്യൂബര്‍ ഷിറാസിന്‍റെ വിടവ് നികത്തി സഹോദരി മുസ്കാൻ. അച്ഛന്‍ പഠിക്കാന്‍ ആവശ്യപ്പെട്ടെന്നും അതിനാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്നും അറിയിച്ചാണ് ഷിറാസ് തന്‍റെ യൂട്യൂബ് വ്ലോഗ് പേജ് അവസാനിപ്പിച്ചത്. ഷിറാസിന്‍റെ അഭാവം സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഇതിനിടെ ചെറിയൊരു ഇടവേളയ്ക്കുള്ളില്‍ തന്നെ ഷിറാസിന്‍റെ സഹോദരി മുസ്കാൻ ചേട്ടന്‍റെ സാമൂഹിക മാധ്യമ പേജിലേക്ക് തിരികെ എത്തി. ഇതോടെ ഏറെ സന്തോഷത്തിലാണ് ഇവരുടെ ആരാധകരായ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. 

സാമൂഹിക മാധ്യമങ്ങളിലൂടെ മകന് ലഭിച്ച അമിത പ്രശസ്തി, അവന്‍റെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നെന്നും മകന്‍ ഇപ്പോള്‍ പഠിക്കേണ്ട സമയമാണെന്നും അറിയിച്ചു കൊണ്ട് ഷിറാസിന്‍റെ ആരാധകര്‍ക്കായി അച്ഛന്‍ മുഹമ്മദ് താഖി, എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെയാണ് മുസ്കാൻ ഇന്‍സ്റ്റാഗ്രാമിലൂടെ സഹോദരന്‍ നടന്നു പോയ തന്‍റെ ഗ്രാമമായ ഖപ്ലുവിലെ വഴികളിലൂടെ തന്‍റെതായ നിഷ്ക്കളങ്കതയോടെ നടന്ന് തുടങ്ങിയത്. മെയ് 24 ന് തന്‍റെ ആദ്യത്തെ വീഡിയോയായ "മുസ്കാൻ കി ഗുലോ മോളോ" പുറത്തിറക്കി.