ഐപിഎല്‍ ഫൈനല്‍ മഴ മുടക്കുമോ; ആശങ്കയായി ചെന്നൈയിലെ കാലാവസ്ഥ

By: 600007 On: May 26, 2024, 8:24 AM

ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകള്‍ ബാക്കിയിരിക്കെ ആരാധകരെ ആശങ്കയിലാക്കി ചെന്നൈയിലെ കാലാവസ്ഥ. രാവിലെ മുതല്‍ മൂടിക്കെട്ടി അന്തരീക്ഷമാണ് ചെന്നൈയില്‍. മത്സരസമയത്ത് മഴ പെയ്യുമെന്ന് പ്രവചനമില്ലെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ മത്സരസമയത്ത് അപ്രതീക്ഷിത മഴ പെയ്യാനും സാധ്യതയുണ്ട്.

ഇന്നലെ വൈകിട്ട് അപ്രതീക്ഷിതമായി പെയ്ത മഴമൂലം കൊല്‍ക്കത്തയുടെ പരിശീലന സെഷന്‍ മഴമൂലം പകുതിയില്‍ ഉപേക്ഷിച്ചിരുന്നു. വൈകിട്ട് ഫ്ലഡ് ലൈറ്റിന് കീഴില്‍ പരിശീലനം നടത്താനായി കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയെത്തിയത്. ഇതോടെ കളിക്കാര്‍ ഇന്‍ഡോര്‍ പരിശീലനത്തിലേക്ക് മടങ്ങി.