പേടിഎമ്മില്‍ കൂട്ടപ്പിരിച്ചുവിടല്‍ വരുന്നു; ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടമാകും

By: 600007 On: May 26, 2024, 8:05 AM

ദില്ലി: ഓണ്‍ലൈന്‍ പേയ്‌മെന്‍റ് സംവിധാനമായ പേടിഎമ്മിലെ ജീവനക്കാര്‍ പ്രതിസന്ധിയില്‍ എന്ന് റിപ്പോര്‍ട്ട്. മാതൃ കമ്പനിയുടെ നഷ്‌ടം വര്‍ധിച്ചതോടെ 5000 മുതല്‍ 6300 വരെ ജീവനക്കാരെ പേടിഎം പിരിച്ചുവിട്ടേക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്‌പ്രസിന്‍റെ റിപ്പോര്‍ട്ട്. 

ചിലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങളിലാണ് പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ്. ജോലിക്കാരുടെ 15-20 ശതമാനം കുറയ്ക്കാനാണ് കമ്പനിയുടെ ആലോചന. ഇതോടെ 5000-6300 പേര്‍ക്ക് തൊഴില്‍ നഷ്‌ടം സംഭവിക്കും. ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെ 400-500 കോടി രൂപയുടെ കുറവാണ് ചിലവില്‍ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 32798 ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. 7.87 ലക്ഷം രൂപയായിരുന്നു ഇവരുടെ ശരാശരി വാര്‍ഷിക ശമ്പളം. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളില്‍ 34 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായതോടെ ശരാശരി വാര്‍ഷിക പ്രതിഫലം 10.6 ലക്ഷമായി ഉയര്‍ന്നു. ഈ ഞെരുക്കം മറികടക്കാന്‍ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത് ഇതിനകം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആയിരത്തിലധികം ജീവനക്കാരെ കഴിഞ്ഞ ഡിസംബറില്‍ പിരിച്ചുവിട്ടു. എന്നാല്‍ ഇപ്പോള്‍ എത്ര പേര്‍ ജീവനക്കാരായി കമ്പനിയിലുണ്ട് എന്ന കൃത്യമായ കണക്ക് വണ്‍97 കമ്മ്യൂണിക്കേഷന്‍സ് പുറത്തുവിട്ടിട്ടില്ല. 


പേടിഎമ്മിന്‍റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിലെ സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. കമ്പനിയുടെ മാർച്ച് പാദത്തിലെ നഷ്ടം 550 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ നഷ്ടം 169 കോടി രൂപയായിരുന്നു. യുപിഐ ഇടപാടുകളിലെ പ്രശ്‌നങ്ങളും പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ നിരോധനവും കമ്പനിയുടെ നാലാം പാദ ഫലങ്ങളെ കാര്യമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ 2,334 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം നടപ്പുപാദത്തിൽ 3 ശതമാനം  കുറഞ്ഞ് 2,267 കോടി രൂപയായി.