ഒന്റാരിയോ റെസ്‌റ്റോറന്റ് വെടിവെപ്പ്: കുറ്റവാളി സംഘത്തിന്  ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് 

By: 600002 On: May 25, 2024, 6:10 PM

 

 

ഒന്റാരിയോയില്‍ യുവാവിനെ കൊല്ലുകയും അയാളുടെ കുടുംബത്തിലെ നാല് പേരെ വെടിവെക്കുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റവാളിക്ക് തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ക്രൗണ്‍ അറ്റോര്‍ണി പ്രസ്താവനയില്‍ പറഞ്ഞു. ബ്രാംപ്ടണ്‍ കൊലപാതക കേസിലെ വിചാരണവേളയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

2021 ല്‍ മിസിസാഗയിലെ റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. 25കാരനായ നയിം അക്ല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നകാസ് അബാസി എന്നയാളുടെ വെയര്‍ ഹൗസ് ബിസിനസില്‍ ജോലി ചെയ്യുകയായിരുന്നു നയിം അക്ല്‍. ഇവിടെ വെച്ച് ഇവര്‍ക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ നയിമിനെ കനേഡിയന്‍ അതോറിറ്റികള്‍ക്ക് വിവരം കൈമാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് ക്രൗണ്‍ അറ്റോര്‍ണി ഡേവിഡ് ഡിയോറിയോ പറഞ്ഞു. 

നകാഷ് അബാസിയുടെ നിര്‍ദ്ദേശപ്രകാരം തോക്കുധാരിയായ ആനന്ദ് നാഥാണ് നയിമിനെയും കുടുംബത്തെയും വെടിവെച്ചത്. സുലിമാന്‍ റാസ എന്നയാള്‍ നാഥിന് രക്ഷപ്പെടാനുള്ള വാഹനവുമായെത്തി. മൂന്ന് പേര്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടില്ല. 

മാതാപിതാക്കളോട് പറയാതെയാണ് അക്ല്‍ ഇസ്ലാം മതം സ്വീകരിച്ചതെന്നും അവര്‍ അംഗീകരിക്കില്ലെന്നറിഞ്ഞപ്പോള്‍ അബാസിയുടെ വെയര്‍ഹൗസ് ബിസിനസില്‍ ജോലി ചെയ്യുകയായിരുന്നുവെന്നും ഡിയോറിയോ പറഞ്ഞു. പ്രതികളുടെ ഫോണില്‍ നിന്നും പോലീസ് ഐഎസ് പ്രചാരണങ്ങളും ലഘുലേഖകളും മറ്റ് രേഖകളും കണ്ടെത്തിയതായി ഡിയോറിയോ വ്യക്തമാക്കി.