മെയ്ഡ് ഇന്‍ കാനഡ വാക്‌സിന്‍ പ്ലാന്റ് പ്രവര്‍ത്തന ക്ഷമമായില്ല; ട്രൂഡോ സര്‍ക്കാരിന് വാക്‌സിന്‍ നിര്‍മിക്കാന്‍ ഇതുവരെ സാധിച്ചില്ല 

By: 600002 On: May 25, 2024, 12:28 PM

 

കോവിഡ്-19 പാന്‍ഡെമിക്കിന്റെ സമയത്ത് 2020 അവസാനത്തോടെ കനേഡിയന്‍ നിര്‍മിത കോവിഡ് ഷോട്ടുകള്‍ക്കായി മോണ്‍ട്രിയലില്‍ വാക്‌സിന്‍ പ്ലാന്റ് നിര്‍മിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാല് വര്‍ഷത്തിനു ശേഷം ഉപയോഗയോഗ്യമായ ഒരു വാക്‌സിന്‍ പോലും ഈ പ്ലാന്റില്‍ നിന്നും നിര്‍മിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. പൊതു ഉടമസ്ഥതയിലുള്ള ബയോളജിക്‌സ് മാനുഫാക്ച്വറിംഗ് സെന്റര്‍( BMC)  നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള മുന്‍ അനിമല്‍ വാക്‌സിന്‍ പ്ലാന്റിന്റെ സ്ഥലത്ത് നിര്‍മിച്ചു. ഇതിനായി ഫെഡറല്‍ സര്‍ക്കാര്‍ ഏകദേശം 130 മില്യണ്‍ ഡോളര്‍ ധനസഹായമാണ് അനുവദിച്ചത്. 

2021 ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാവുകയും 2022 ജൂലൈയില്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായി ഹെല്‍ത്ത് കാനഡ അംഗീകാരം നല്‍കുകയും ചെയ്‌തെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വാക്‌സിന്‍ നിര്‍മിക്കാന്‍ കേന്ദ്രത്തിന് സാധിച്ചില്ല. അതേസമയം, കാലതാമസമുണ്ടായെങ്കിലും കനേഡിയന്‍ നിര്‍മിത വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് ബിഎംസിയില്‍ ഷോട്ടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രതീക്ഷിക്കുന്ന യുഎസ് സ്ഥാപനമായ നോവാവാക്‌സ് മാധ്യമങ്ങളോട് പറഞ്ഞു. ബിഎംസിയും എന്‍ആര്‍സിയും 2021,2022,2023 വര്‍ഷങ്ങളില്‍ വാക്‌സിന്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്ന് വിവിധഘട്ടങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെന്നത് വലിയ പോരായ്മയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.