ഏറ്റവും ദൈര്‍ഘ്യമേറിയ ഐസ് ബാത്ത്: കാല്‍ഗറിയില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് സ്വിസ് അത്‌ലറ്റ്

By: 600002 On: May 25, 2024, 11:23 AM

 

വെള്ളിയാഴ്ച കാല്‍ഗറിയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഐസ് ബാത്ത് നടത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമയായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള അത്‌ലറ്റ് ആന്ദ്രെ ബെലിബി. കാല്‍ഗറി മാരത്തണ്‍ റണ്ണേഴ്‌സ് എക്‌സ്‌പോയടനുബന്ധിച്ച് സ്റ്റാംപീഡ് പാര്‍ക്കില്‍ നടന്ന ദൗത്യത്തില്‍ ബെലിബി ഗ്ലാസ് ബോക്‌സിനുള്ളില്‍ ഐസ് നിറച്ച് അതില്‍ നാല് മണിക്കൂറും ആറ് മിനിറ്റും മുങ്ങിക്കിടന്നു. നാല് മണിക്കൂര്‍ രണ്ട് മിനിറ്റ് എന്ന മുന്‍ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. 

ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ താന്‍ രണ്ട് വര്‍ഷത്തിലേറെ പരിശീലനം നടത്തിയെന്ന് ബെലിബി പറയുന്നു. ബ്രീത്തിംഗ്, മെഡിറ്റേഷന്‍, റിലാക്‌സ് എന്നിവയാണ് പ്രധാനമായും പരിശീലിക്കേണ്ടത്. ചരിത്രം സൃഷ്ടിക്കുക എന്നതിലേക്കാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓട്ടിസം കാനഡയ്ക്കായി പണം സ്വരൂപിക്കാനാണ് ബെലിബിയുടെ ലോക റെക്കോര്‍ഡ് ശ്രമം.  റെക്കോര്‍ഡ് സ്ഥിരീകരിക്കാന്‍ ഗിന്നസ് ബുക്കിന് തെളിവുകള്‍ സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ എടുത്തേക്കാമെന്നും അവര്‍ അറിയിച്ചു. 

ലോക റെക്കോര്‍ഡ് ശ്രമത്തിലുടനീളം ബെലിബിയെ ഇഎംഎസ് സംഘം നിരീക്ഷിച്ചുകൊണ്ടിരുന്നു. ഹൃദയമിടിപ്പ്, ശരീരതാപനില, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ലെവല്‍ എന്നിവ പരിശോധിക്കാന്‍ പാഡുകളും സെന്‍സറുകളും ബെലിബിയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു.