ഒന്റാരിയോ ക്വീന്‍ എലിസബത്ത് വേയില്‍ ഊരിത്തെറിച്ച ചക്രം ബസിലിടിച്ച് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരുക്കേറ്റു

By: 600002 On: May 25, 2024, 9:14 AM

 


ഒന്റാരിയോയില്‍ സെന്റ് കാതറിന്‍സിലെ ക്വീന്‍ എലിസബത്ത് വേയില്‍ വാനില്‍ നിന്നും ഊരിത്തെറിച്ച ചക്രം കോച്ച് ബസിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഇടിച്ച് ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3,30 ന് ഗാര്‍ഡന്‍ സിറ്റി സ്‌കൈവേ പാലത്തിന് സമീപം ടൊറന്റോയിലേക്കുള്ള ഹൈവേയിലാണ് അപകടം സംഭവിച്ചത്. 

ടൊറന്റോയിലേക്കുള്ള പാതയിലൂടെ വാന്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശത്തെ ചക്രം ഊരിത്തെറിച്ച് എതിര്‍പാതയില്‍ പോയിരുന്ന ബസിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഇടിക്കുകയും തുടര്‍ന്ന്  പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് പറഞ്ഞു. ബസില്‍ ഉണ്ടായിരുന്ന ടൊറന്റോ സ്വദേശിയായ 48കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരുക്കേറ്റ മറ്റ് മൂന്ന് പേരെ ഗുരുതരമായ പരുക്കുകളോടെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. സംഭവസമയത്ത് എത്ര യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.