ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്‌ക്; വരും നാളുകളിൽ എഐ 'തകർക്കും

By: 600007 On: May 25, 2024, 9:13 AM

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ തന്നെ മനുഷ്യരുടെ ജോലി ഇല്ലാതാക്കുമോ? ഈ ചോദ്യം പുതിയതല്ലെങ്കിലും ഈയിടെയായി ഇത് ചോദിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ചാറ്റ്ജിടിപിയുടെ അഭൂതപൂർവമായ വിജയവും ഗൂഗിളിന്റെ പുതിയ ചാറ്റ്ബോട്ട് ജെമിനി അടുത്തിടെ വന്നതും ആളുകളുടെ ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ  സ്‌പേസ് എക്‌സ് ഉടമയും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌കിന് എന്താണ് പറയാനുള്ളത് എന്നറിയാനാണ് ഏവർക്കും താൽപ്പര്യം.  ഈ ചോദ്യം മസ്‌കിന്റെ മുന്നിലുമെത്തി. മറുപടി ഇതായിരുന്നു. “ഒരുപക്ഷേ നമ്മിൽ ആർക്കും ജോലിയുണ്ടാകില്ല,”ഭാവിയിലെ കാര്യമാണെങ്കിലും ആശങ്ക ഉയർത്തുന്ന പ്രവചനമാണ് ഇലോൺ മസ്‌ക്‌ നടത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ആത്യന്തികമായി എല്ലാ ജോലികളും ഇല്ലാതാക്കുമെന്നാണ് മസ്കിന്റെ അഭിപ്രായം.

വ്യാഴാഴ്ച പാരീസിൽ നടന്ന ഒരു സ്റ്റാർട്ടപ്പ്, ടെക് പരിപാടിയിലാണ് മസ്ക് ഇക്കാര്യം പറഞ്ഞത്. പക്ഷെ ഈ മാറ്റം  മോശമായിരിക്കണമെന്നില്ലെന്നും മസ്ക് പറഞ്ഞുവയ്ക്കുന്നു. തൊഴിൽ 'ഓപ്ഷണൽ' ആകുന്ന ഒരു ഭാവിയാണ് വരാനിരിക്കുന്നതെന്നും, എഐ റോബോട്ടുകൾ ഭൂരിഭാഗം ജോലികളും നിറവേറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടെ ജോലി എന്നത് ഒരു 'ഹോബി' ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

“നിങ്ങൾക്ക് ഒരു ജോലി ഒരു ഹോബിയായി ചെയ്യണമെങ്കിൽ, നിങ്ങൾക്കത്  ചെയ്യാം. എന്നാൽ, എഐയും റോബോട്ടുകളും നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും നൽകും, ”അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇത് സാർവത്രിക അടിസ്ഥാന വരുമാനവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി, എന്നാൽ ആ ആശയത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല.  വരുമാനം പരിഗണിക്കാതെ എല്ലാവർക്കും സർക്കാർ ഒരു നിശ്ചിത തുക നൽകുന്നതാണ് സാർവത്രിക അടിസ്ഥാന വരുമാനം