ഭൂമിയേക്കാൾ ചെറുത്, ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റൊരു ​ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം

By: 600007 On: May 25, 2024, 7:03 AM

വാഷിങ്ടണ്‍: ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റൊരു ​ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 40 പ്രകാശവർഷം അകലെ മീനരാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന ​ഗ്രഹം വാസയോഗ്യമാകാമെന്നാണ് നിഗമനം. റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രതിമാസ പ്രസിദ്ധീകരണത്തിലാണ് കണ്ടെത്തലിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ​ഗ്ലീസ് 12 ബി ഭൂമിയേക്കാൾ അൽപം ചെറുതും ശുക്രനുമായി സാമ്യമുള്ളതുമാണ്. ഉപരിതല താപനില 107 ഡിഗ്രി ഫാരൻഹീറ്റ് (42 ഡിഗ്രി സെൽഷ്യസ്) ആയതിനാൽ ജലം ദ്രാവകരൂപത്തിൽ നിലനിൽക്കാനുള്ള സാധ്യത കൂടുതലാണ്.  ഭൂമിയുടെ ശരാശരി താപനിലയേക്കാൾ കൂടുതലാണെങ്കിലും മറ്റ് പല എക്സോപ്ലാനറ്റുകളേക്കാളും വളരെ കുറവാണെന്നതാണ് പ്രധാന ഘടകം. ​

ഗ്ലീസ് 12 ബിയിൽ അന്തരീക്ഷമുണ്ടോ എന്നതാണ് പ്രധാന ആശങ്ക. ഭൂമിക്ക് സമാനമായ അന്തരീക്ഷം ഉണ്ടായിരിക്കാമെന്നതാണ് നി​ഗമനം. അങ്ങനെയെങ്കിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. അതേസമയം, ശുക്രനെപ്പോലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷം ഉണ്ടായിരിക്കാമെന്നും അന്തരീക്ഷമില്ലായിരിക്കാമെന്നും അഭിപ്രായമുയരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ ഡോക്ടറൽ വിദ്യാർത്ഥിനിയായ ലാറിസ പലേതോർപ്പും ശിശിർ ധോലാകിയയുമാണ് ​ഗ്രഹം കണ്ടെത്തിയത്.