കയ്യിൽ 'തണ്ണിമത്തനുമായി'കനി കുസൃതി, കാനിൽ അഭിമാന നിമിഷം

By: 600007 On: May 24, 2024, 3:31 PM

 

കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി മലയാളികളുടെ പ്രിയതാരം കനി കുസൃതി. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഢ്യവുമായെത്തിയ കനിയുടെ ഫോട്ടോകൾ ആ​ഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. പാതിമുറിച്ച തണ്ണിമത്തന്‍റെ രൂപത്തിലുള്ള വാനിറ്റി ബാഗുമായാണ് കനി ഫെസ്റ്റിന് എത്തിയത്. ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നതിന്റെ ശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ. 

കനി തണ്ണിമത്തൻ ബാഗും പിടിച്ച് നില്‍ക്കുന്ന ചിത്രം വിവിധ സോഷ്യൽ മീഡിയ പേജുകളിൽ നിറയുകയാണ്. ഒപ്പം ഒട്ടനവധി പേർ കനിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നുമുണ്ട്. നിരവധി ഫാൻ പേജുകളിലും അഭിമാനകരമായി കനിയുടെ ഫോട്ടോകളും വീഡിയോകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്. 


കനി കുസൃതി പ്രധാന കഥാപാത്രമായെത്തുന്ന 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമയുടെ പ്രദർശനത്തിന്‍റെ ഭാഗമായാണ് താരം കാനിലെത്തുന്നത്. മുപ്പത് വർഷങ്ങൾക്കു ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രം കൂടി ആയിരുന്നു ഇത്. കനി കുസൃതിയ്ക്ക് ഒപ്പം ദിവ്യ പ്രഭ, ഹ്രിദ്ദു ഹാറൂണ്‍ എന്നിവരും റെഡ് കാർപ്പെറ്റിൽ തിളങ്ങിയിരുന്നു.