വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള പ്രേരണ പ്രധാന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു: ആര്‍സിഎംപിയുടെ മുന്നറിയിപ്പ് 

By: 600002 On: May 24, 2024, 2:40 PM

 

 

കാനഡയുടെ ദേശീയ പോലീസ് സര്‍വീസ് എന്ന നിലയില്‍ ആര്‍സിഎംപി കനേഡിയന്‍ സര്‍ക്കാരിന്റെ ഗ്രീനിംഗ് ഗവണ്‍മെന്റ് സ്ട്രാറ്റജിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 2050 ഓടെ നെറ്റ്-സീറോ എമിഷനിലേക്ക് എത്തിക്കാനുള്ള പ്രതിബദ്ധതയാണ് ഫെഡറല്‍ സര്‍ക്കാരിനുള്ളത്. ഇതിന്റെ ഭാഗമായി 2035 ഓടെ സാധ്യമാകുന്നിടത്തോളം സീറോ എമിഷന്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ഏകദേശം 12,000 കാറുകളും ട്രക്കുകളും മാറ്റിസ്ഥാപിക്കാന്‍ ആര്‍സിഎംപിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ആ ലക്ഷ്യം കൈവരിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ തടസ്സം പ്രവചിക്കുന്നു. 

പെട്ടെന്നൊരു മാറ്റം പല വെല്ലുവിളികളും സൃഷ്ടിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ രണ്ട് ടെസ്ല കാറുകള്‍ ഫീല്‍ഡ്-ടെസ്റ്റ് ചെയ്തുകൊണ്ട് ഇലക്ടിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് ആര്‍സിഎംപി തുടക്കം കുറിച്ചിട്ടുണ്ട്. ഒന്ന് ബീസിയിലെ വെസ്റ്റ്‌ഷോര്‍ ഡിറ്റാച്ച്‌മെന്റിലെ ട്രാഫിക് യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റൊന്ന് ഓട്ടവയിലെ റൈഡോ ഹാളിന്റെ ഗ്രൗണ്ടില്‍ പട്രോളിംഗ് നടത്താന്‍ സഹായിക്കുന്നു. ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ പോരായ്മയാണ് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുമ്പോഴുണ്ടാകുന്ന പ്രധാന ആശങ്കയെന്ന് അധികൃതരും പറയുന്നു. 

എട്ട് പ്രവിശ്യകളിലും മൂന്ന് ടെറിറ്ററികളിലും 150 മുനിസിപ്പാലിറ്റികളിലുമായി ഓണ്‍-ദി-ഗ്രൗണ്ട്-പോലീസ് എന്ന നിലയില്‍ ആര്‍സിഎംപി സേവനമനുഷ്ഠിക്കുന്നുണ്ട്. പരമിതമായ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറും തടസ്സങ്ങളുള്ള പവര്‍ ഗ്രിഡുകളുമുള്ള വിദൂര ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ പ്രതിസന്ധി ഗുരുതരമായേക്കാമെന്നാണ് കരുതുന്നത്.