സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവം: 22 യാത്രക്കാര്‍ക്ക് നട്ടെല്ലിന് ശസ്ത്രക്രിയ വേണ്ടി വന്നതായി റിപ്പോര്‍ട്ട് 

By: 600002 On: May 24, 2024, 12:43 PM

 

 


സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് സുഷുമ്‌നാ നാഡിക്ക് പരുക്കേറ്റതായും ഇവര്‍ക്ക് നട്ടെല്ലിന് ശസ്ത്രക്രിയ ചെയ്തതായും പരുക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പരുക്കേറ്റ 104 പേരില്‍ ഭൂരിഭാഗം പേര്‍ക്കും സമിതിവേജ് ശ്രനകരിന്‍ ഹോസ്പിറ്റലിലാണ് ചികിത്സ നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ആറ് പേര്‍ക്ക് തലച്ചോറിനും തലയോട്ടിക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇരുപത് പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അത്യാസന്ന നിലയിലുള്ള കേസുകളൊന്നും ഇല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ആറ് ബ്രിട്ടീഷുകാര്‍, ആറ് മലേഷ്യക്കാര്‍, മൂന്ന് ഓസ്‌ട്രേലിയന്‍ പൗരന്മാര്‍, രണ്ട് സിംഗപ്പൂര്‍ പൗരന്മാര്‍, ഹോങ്കോംഗ്, ന്യൂസിലാന്‍ഡ്, ഫിലീപ്പിയന്‍സ് എന്നിവടങ്ങളില്‍ നിന്ന് ഒരാള്‍ വീതവുമാണ് പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നത്. സംഭവത്തിന്റെ നടുക്കം ഇപ്പോഴും യാത്രക്കാരിലുണ്ട്. പരുക്കേറ്റവരില്‍ രണ്ട് വയസ്സ് മുതല്‍ 83 വയസ്സ് വരെയുള്ള യാത്രക്കാരുണ്ട്. ഇവരില്‍ 19 പേര്‍ പുരുഷന്മാരും 22 പേര്‍ സ്ത്രീകളുമാണ്. 

ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂര്‍ ഫ്‌ളൈറ്റ് എസ്‌ക്യു 321 മെയ് 21 ന് യാത്ര തുടങ്ങി ഏകദേശം 10 മണിക്കൂറിന് ശേഷം 37,000 അടി ഉയരത്തില്‍ വെച്ച് പെട്ടെന്നുള്ള ടര്‍ബുലന്‍സ് നേരിട്ടതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ഏകദേശം 60 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് വിമാനം ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.